
തിരുവല്ല: തിരുവല്ലയിൽ കുത്തേറ്റ് കൊല്ലപ്പെട്ട സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപിൻ്റെ മൃതദേഹം സംസ്കരിച്ചു. സംഭവം നടന്ന് 24 മണിക്കൂറിനകം കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിഷ്ഠൂരമായ കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാട്ടുകാരുടെയും പാർട്ടിക്കാരുടെയും പ്രിയപ്പെട്ടവനായിരുന്ന പ്രിയ സഖാവിനെ കണ്ണീരോടെയാണ് നാട് യാത്ര അയച്ചത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും തുടങ്ങിയ വിലാപയാത്രയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസ്, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. അഞ്ചരയോടെ ചാത്തങ്കേരിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, സജി ചെറിയാൻ, വീണ ജോർജ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.
Sandeep Murder : സന്ദീപ് വധക്കേസ്, അഞ്ചാം പ്രതി എടത്വായിൽ പിടിയിൽ, മുഴുവൻ പ്രതികളും അറസ്റ്റിലായി
ഇന്നലെ രാത്രിയിൽ അതിക്രൂരമായി സന്ദീപിനെ കുത്തിക്കൊന്ന ശേഷം ഒളിവിൽ പോയ പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു പ്രമോദ് എന്നിവരെ പുലർച്ചെ കരുവാറ്റയിൽ നിന്നും കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂരിലുള്ള വാടക മുറിയിൽ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ മൊബൈൽ ഫോൺ അടക്കം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മുഖ്യപ്രതി ജിഷ്ണു രഘുവിന് സന്ദീപ് നോട് മുൻവൈരാഗ്യം ഉണ്ടായിരുന്നവെന്നും ഇത് തീർക്കാൻ വേണ്ടിയാണ് സുഹൃത്തുക്കളെ കുട്ടി ആസൂത്രണം ചെയ്ത കൊലപാതകം നടപ്പിലാക്കി എന്നുമാണ് പൊലീസ് ഭാഷ്യം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിഷ്ണു ജയിലിൽ വച്ചാണ് മറ്റു പ്രതികളെ പരിചയപ്പെടുന്നത്. വിവിധ സ്ഥലങ്ങളിലുള്ള പ്രതികൾക്ക് കൊലപാതകം ആസൂത്രണം ചെയ്യാൻ വേണ്ടി കുറ്റൂരിൽ മുറി വാടകയ്ക്കെടുത്തു നൽകി. ദിവസവും നാട്ടുകാർക്കൊപ്പം ചാത്തങ്കേരിലെ കൽബിൽ സന്ദീപ് ഉണ്ടാകും എന്ന് മനസ്സിലാക്കി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സന്ദീപ് വധം അതിഹീനം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആസൂത്രണത്തിനും കൊലപാതകത്തിനും പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ അദ്ദേഹം നിർദേശം നൽകി.
അതേസമയം, തിരുവല്ല പെരിങ്ങരിയിൽ ലോക്കൽ സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് നിഗമനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നു.അന്വേഷണം കഴിയാതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പൊലീസ് ഏറ്റെടുക്കരുതെന്നും കോടിയേരി പറഞ്ഞു. സർക്കാർ ഇക്കാര്യം പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam