
കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തൽ പഞ്ചായത്ത് മെമ്പർ അടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയൻ, പാർട്ടി ബ്രാഞ്ച് സെക്രട്ടറി സുനിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെ സംഘം വീട്ടിൽ കയറി മർദ്ദിച്ചത്. സംഭവം നടന്ന് ആറാം ദിവസമാണ് പ്രതികളെ പിടികൂടുന്നത്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നര മണിയോടെ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാർ , മനുവിനൊപ്പം വീട്ടിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവർക്ക് ദേഹമാസകലം പരുക്കേറ്റിരുന്നു. സി പി എം ശക്തികേന്ദ്രമായ മണികണ്ഠൻ വയലിൽ യൂത്ത് കോൺഗ്രസ് യൂണിറ്റ് രൂപീകരിച്ചതിനെ തുടർന്ന് നിരന്തരമായി നടക്കുന്ന ഭീഷണിക്കൊടുവിലായിരുന്നു ആക്രമണമെന്ന് മർദനമേറ്റ മനു ആരോപിച്ചിരുന്നു..
രാത്രി പതിനൊന്നര മണിയോടെയാണ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം മനുവിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയത്. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ കോട്ടയം എസ് പി ഓഫീസിൽ ബന്ധപ്പെട്ടതിനെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് സ്ഥലത്തെത്തിയെന്നും ഈ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പുലർച്ചെ ഒന്നര മണിയോടെ സി പി എം നേതാവും സംഘവും ആക്രമണം നടത്തിയത് എന്നുമാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.
അക്രമികൾക്കെതിരെ വധശ്രമ കേസ് ചുമത്തണമെന്ന ആവശ്യം പൊലീസ് അംഗീകരിച്ചില്ല. ആയുധമുപയോഗിച്ചുള്ള ആക്രമണത്തിനും ഭവനഭേദനത്തിനുമാണ് പഞ്ചായത്ത് അംഗം ബൈജു ,സുനിൽ , മിജു എന്നിവർക്കെതിരെ കേസെടുത്തത്. പഞ്ചായത്ത് അംഗം പരാതി നൽകിയാൽ ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസുകാർക്കെതിരെയും കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. രാഷ്ട്രീയ തർക്കമല്ല മതിൽ നിർമാണത്തെ ചൊല്ലിയുള്ള സംഘർഷമാണ് ഉണ്ടായതെന്നും പൊലീസ് പറയുന്നു. പൊലീസ് സാന്നിധ്യത്തിലാണ് അക്രമമുണ്ടായത് എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി പ്രതികരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam