രമ്യ ഹരിദാസ് പാട്ടുംപാടി ജയിച്ച ആലത്തൂർ, സിപിഎമ്മിന്‍റെ ചങ്കുപിളർത്തിയ തോൽവി; ഇത്തവണ സർപ്രൈസ് സ്ഥാനാർത്ഥി?

Published : Jan 09, 2024, 11:29 AM ISTUpdated : Jan 09, 2024, 11:33 AM IST
രമ്യ ഹരിദാസ് പാട്ടുംപാടി ജയിച്ച ആലത്തൂർ, സിപിഎമ്മിന്‍റെ ചങ്കുപിളർത്തിയ തോൽവി; ഇത്തവണ സർപ്രൈസ് സ്ഥാനാർത്ഥി?

Synopsis

എ കെ ബാലൻ, കെ രാധാകൃഷ്ണൻ തുടങ്ങി ഫുട്ബോൾ താരം ഐ എം വിജയൻ വരെ ആലത്തൂരിൽ സിപിഎം സാധ്യതാ പട്ടികയിലുണ്ട്.

പാലക്കാട്: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവികളിൽ സിപിഎമ്മിന് ആറ്റിങ്ങലിനെക്കാൾ വലിയ അട്ടിമറിയായിരുന്നു ആലത്തൂരിലെ തോൽവി. 2019ൽ തോറ്റ പി കെ.ബിജു ഇത്തവണ മത്സരിക്കില്ല. എ കെ ബാലൻ, മന്ത്രി കെ രാധാകൃഷ്ണൻ തുടങ്ങി ഫുട്ബോൾ താരം ഐ എം വിജയൻ വരെ ആലത്തൂരിൽ സിപിഎം സാധ്യതാ പട്ടികയിലുണ്ട്.

രമ്യ ഹരിദാസ് പാട്ടും പാടി ജയിച്ചപ്പോൾ ആലത്തൂരിലെ തോൽവി സിപിഎമ്മിനെ സംബന്ധിച്ച് ചങ്ക് പിളർക്കുന്ന തോൽവിയായിരുന്നു. അതും ചെറിയ തോൽവിയല്ല. ഒരൊന്നന്നര തോൽവി. ഒന്നൊര ലക്ഷത്തിലേറെ വോട്ടിന്‍റെ തോൽവി. കൈവിട്ട കോട്ട തിരിച്ചുപിടിക്കാൻ ആലത്തൂരിൽ സിപിഎമ്മിന്‍റെ മുഖം ആരാകും? ഒന്നാം പേര് എ കെ ബാലന്റെ തന്നെ. ബാലൻ ഇപ്പോൾ ഫ്രീയാണ്. കേന്ദ്രകമ്മിറ്റിയംഗം എന്ന നിലയിൽ പ്രായ മാനദണ്ഡത്തിൽ സിപിഎമ്മിൽ അവസാന ടേമാണ്. പാർട്ടി നേതൃത്വത്തിൽ നിന്നും മാറിയാലും, ജയിച്ചാൽ സീനിയർ നേതാവിനെ എംപി എന്ന നിലയിൽ പ്രവർത്തനരംഗത്ത് നിർത്താം. 

എ കെ ബാലനെ സംബന്ധിച്ചിടത്തോളം മുമ്പ് പ്രതിനിധാനം ചെയ്ത തരൂർ സീറ്റും ആലത്തൂർ മണ്ഡലത്തിലാണ്. എ കെ ബാലൻ അല്ലെങ്കിൽ മന്ത്രി കെ രാധാകൃഷ്ണൻ വരുമോ? ആലോചനയുണ്ട്. പിന്നാക്ക വിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള സിപിഎം സംഘടന ദളിത് ശോഷൺ മുക്തി മഞ്ചിന്റെ ദേശീയ ഭാരവാഹി കൂടിയാണ് കെ രാധാകൃഷ്ണൻ. മന്ത്രി മത്സരിച്ചാൽ വിജയിക്കുമെന്ന പാർട്ടിക്കുള്ളിലെ പൾസാണ് കെ രാധാകൃഷ്ണന്‍റെ പ്ലസ്.

ആലത്തൂരിൽ കെ രാധാകൃഷ്ണന്‍ വിജയിച്ചാൽ സിപിഎം സ്ഥിരമായി ജയിക്കുന്ന രാധാകൃഷ്ണന്‍റെ ചേലക്കര നിയമസഭാ സീറ്റിൽ ചോയ്സുണ്ടെന്നതാണ് സിപിഎമിന്റെ ധൈര്യം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെ മത്സരിപ്പിക്കാം. സംസ്ഥാന നേതൃത്വത്തിൽ നിന്നും തൃശൂർ ജില്ലയുടെ ചുമതലയും പി കെ ബിജുവിനാണ്. മന്ത്രിയാകുമോ എന്നതൊക്കെ മത്സരഫലം തീരുമാനിക്കും. കുന്നംകുളം മുൻ ഏരിയ സെക്രട്ടറിയും ഇപ്പോൾ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി കെ വാസുവാണ് സാധ്യതാ പട്ടികയിലെ മറ്റൊരു പ്രധാനി. 

പട്ടികയിൽ പിന്നെയുള്ളതാണ് സിപിഎമ്മിലെ സമീപകാലത്തെ സർപ്രൈസ് എൻട്രി. മുൻ ഫുട്ബോൾ താരം ഐ എം വിജയൻ. നേരത്തെ കോണ്‍ഗ്രസ് അനുഭാവിയായിരുന്ന വിജയൻ, അടുത്ത കാലത്ത് സിപിഎം സംഘടനയായ പട്ടികജാതി ക്ഷേമ സമിതിയിൽ അംഗത്വമെടുത്തിട്ടുണ്ട്. മണ്ഡലത്തിലെ സിപിഎം നേതൃത്വത്തിന്‍റെ മനസിൽ മുൻ ഫുട്ബോൾ താരവുമുണ്ടെങ്കിലും സെലിബ്രിറ്റികളെ ഇറക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനമാണ് പ്രധാനം. ഈ മാസം അവസാനം നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആലത്തൂരിൽ അവസാന ലാപ്പിലെത്തും. 

PREV
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്