പെരുമ്പാവൂരിലെ വെങ്ങോലയിൽ അതിഥി തൊഴിലാളികൾക്കിടയിലെ ലഹരി വ്യാപനം തടയാൻ രൂപീകരിച്ച ജനകീയ സമിതിയും പൊലീസും തമ്മിൽ ഭിന്നത രൂക്ഷമായി. ലഹരി മാഫിയക്കെതിരെ നടപടിയില്ലെന്ന് നാട്ടുകാർ ആരോപിക്കുമ്പോൾ, ജനകീയ സമിതി ആൾക്കൂട്ട ആക്രമണമായി മാറുന്നുവെന്ന് പൊലീസ് 

കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിലെ ലഹരി വ്യാപനം തടയാനായി നാട്ടുകാർ രൂപീകരിച്ച ജനകീയ സമിതിയും പൊലീസും തമ്മിൽ ഭിന്നത. പെരുമ്പാവൂരിലെ വെങ്ങോല പഞ്ചായത്തിലാണ് ലഹരിക്കെതിരെ നാട്ടുകാർ രംഗത്തെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

"കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ട് വന്നാൽ തല്ലും തല്ലും തല്ലും"- എന്നാണ് ജനകീയ സമിതി സ്ഥാപിച്ച ബോർഡിലുള്ളത്. നാട്ടുകാർ സ്ഥാപിച്ച ബോർഡ് പൊലീസ് നശിപ്പിച്ചു. എന്തുകൊണ്ട് ഇങ്ങനെയൊരു ബോർഡ് എന്ന് ചോദിച്ചാൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി എച്ച് മുഹമ്മദിന്‍റെ മറുപടിയിങ്ങനെ- “ലോകത്ത് എവിടെയും കിട്ടാത്ത മയക്കുമരുന്ന് കിട്ടുന്ന സ്ഥലം, പെണ്‍വാണിഭം നടക്കുന്ന സ്ഥലം, ചൂതാട്ടം എന്നിവയെല്ലാമാണ് ഭായി കോളനിയിൽ നടക്കുന്നത്. ഡോക്ടറാകാൻ പഠിക്കുന്നവർ ഉൾപ്പെടെ നല്ല വിദ്യാഭ്യാസമുള്ളവരാണ് ഇവിടെ ലഹരി വാങ്ങാൻ എത്തുന്നത്”.

പൊലീസും എക്സൈസും നോക്കുകുത്തിയായി നിൽക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ നാട്ടുകാരുടെ ജനകീയ സമിതി ആൾക്കൂട്ട ആക്രമണമായി മാറുന്നു എന്നാണ് പൊലീസും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ചില സംഘടനകളും പറയുന്നത്. മുനീറുൽ എന്ന ബംഗാൾ സ്വദേശിയായ മൊബൈൽ ഷോപ്പ് ജീവനക്കാരനെ നാട്ടുകാർ കഴിഞ്ഞ ദിവസം മർദിച്ചു. കടയിലെ അക്കൌണ്ടിലെ പണം ലഹരി കച്ചവടത്തിലൂടെ കിട്ടിയതാണെന്ന് ആരോപിച്ച് നാട്ടുകാർ തന്നെ മർദിച്ചെന്നാണ് മുനീറുൽ പൊലീസിൽ നൽകിയ പരാതി.

ഈ പരാതിയിൽ വെങ്ങോല പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് നാട്ടുകാരും പൊലീസും തമ്മിലെ ഭിന്നത രൂക്ഷമായത്. ജനകീയ സമിതി ഇതര സംസ്ഥാനക്കാരെ മർദിക്കുന്ന ചില ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. എന്നാൽ എല്ലാ ഇതര സംസ്ഥാനക്കാർക്കെതിരെയും അല്ല പ്രതിഷേധമെന്നും ചെറിയൊരു വിഭാഗം ക്രിമിനലുകൾക്കെതിരെയാണ് കൂട്ടായ്മയെന്നും ജനകീയ സമിതി പറയുന്നു.

YouTube video player