
ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തെരഞ്ഞെടുത്തതിനെ ചൊല്ലി ആലപ്പുഴയിലെ സിപിഎമ്മിലുണ്ടായ പ്രശ്നങ്ങൾ തത്കാലം ഒതുക്കി നിർത്താൻ സിപിഎമ്മിൻ്റെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. തത്കാലം കൂടുതൽ വിവാദങ്ങളിലേക്ക് പോകേണ്ടെന്ന വികാരമാണ് ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായത്.
അതേസമയം പാർട്ടിയുടെ കീഴ്ഘടകങ്ങളോടും പ്രകടനത്തിൽ പങ്കെടുത്ത മുഴുവൻ പാർട്ടി അംഗങ്ങളോടും വിശദീകരണം തേടും. പരസ്യപ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവരും രണ്ട് ദിവസത്തിനകം വിശദീകരണം നൽകണം. പരസ്യ പ്രതിഷേധത്തെക്കുറിച്ചും അതിന് നേതൃത്വം നൽകിയവരേയും കണ്ടെത്തനായി അന്വേഷണ കമ്മീഷനെ വയ്ക്കാൻ നേരത്തെ നേതൃത്വം ആലോചിച്ചിരുന്നുവെങ്കിൽ ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുത്താൽ മതിയെന്നാണ് നിലവിലെ ധാരണ.
പ്രകടനം ആസൂത്രണം ചെയ്തതിൽ ഏരിയ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കാനാണ് പാർട്ടി കമ്മീഷനെ വെയ്ക്കാൻ ആലോചിക്കുന്നത്. പ്രകടനത്തിന് നേതൃത്വം നൽകിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ ഇന്നലെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു.
അതിനിടെ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി സിപിഎം സിപിഐ തർക്കം രൂക്ഷമായി. പ്രസിഡന്‍റിനു പുറമെ വൈസ് പ്രസിഡന്‍റ് സ്ഥാനം കൂടി വേണമെന്ന സിപിഎം തീരുമാനത്തെ സിപിഐ ശക്തമായി എതിർക്കുന്നു. എൽഡിഎഫ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam