മൂന്ന് വർഷം ഒരേ ജില്ലയിൽ പൂർത്തിയാക്കിയവരെയും ഉപതെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയവരെയും മാറ്റണമെന്ന നിർദ്ദേശം പൊലീസിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. 

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ, ഉദ്യോഗസ്ഥ മാറ്റത്തിൽ പുതിയ മാർഗനിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപ തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയ ജില്ലാ കളക്ടർമാരെയും എസ്പിമാരെയും പൊലീസ് റവന്യൂ ഉദ്യോഗസ്ഥരെയും ജില്ല വിട്ട് നിയമിക്കണമെന്നാണ് പുതിയ നിർദ്ദേശം. ഒരു ജില്ലയിൽ മൂന്നു വർഷം ജോലി ചെയ്തവരുണ്ടെങ്കിൽ മാറണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെപ്പിൽ നിയമിച്ച ജില്ലകളിൽ വീണ്ടും നിയമിക്കരുത് തുടങ്ങിയവയാണ് പുതിയ നിർദ്ദേശങ്ങൾ. പുതിയ നിർദ്ദേശം പുറത്ത് വന്നതോടെ പൊലീസ് കുരുക്കിലായിരിക്കുകയാണ്. ഇതോടെ നിയമിച്ച ഡിവൈഎസ്പിമാരെ പലരെയും മാറ്റി നിയമിക്കേണ്ടി വരും. തയ്യാറാക്കിയ ഇൻസ്പെക്ടർ, എസ് ഐ മാരുടെ പട്ടികയിൽ അഴിച്ചുപണി നടത്തണം. പുതിയ നിബന്ധനയോടെ സമഗ്ര അഴിച്ചുപണി വേണ്ടിവന്നേക്കുമെന്നാണ് വിലയിരുത്തൽ.