യുഎപിഎ പാടില്ല, തിരുത്തല്‍ ഉണ്ടാകണം; പൊലീസിനെ തള്ളി സിപിഎം സെക്രട്ടേറിയേറ്റ്

By Web TeamFirst Published Nov 3, 2019, 6:27 PM IST
Highlights

യുഎപിഎ അറസ്റ്റിനെതിരെ സിപിഎം. അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാർക്കെതിരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സി പി എമ്മിനുള്ളത്. 

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിനെതിരെ സിപിഎം. അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാർക്കെതിരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സി പി എമ്മിനുള്ളത്. അറസ്റ്റ് സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

 യുവാക്കളെ പോലീസ്‌ അറസ്റ്റു ചെയ്‌ത്‌ യു.എ.പി.എ ചുമത്തിയ നടപടി എല്‍.ഡി.എഫ്‌ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണ്. 
അറസ്റ്റു ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്ക്‌ നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ്‌ സിപിഎമ്മിന്‍റേത്.  കേന്ദ്രസര്‍ക്കാര്‍ ഈ നിയമം പാസ്സാക്കുമ്പോള്‍ അതിനെ നിശിതമായി എതിര്‍ത്ത പാര്‍ട്ടി സിപിഎം ആയിരുന്നു. 

പന്തീരാങ്കാവിലെ സംഭവത്തില്‍ യുഎപിഎ ചുമത്താനിടയായത്‌ സംബന്ധിച്ച്‌ പൊലീസ്‌ അധികൃതരില്‍ നിന്ന്  മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുള്ളതാണ്‌. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൊലീസ് യുഎപിഎ നടപ്പിലാക്കാന്‍ ശ്രമിച്ച സന്ദര്‍ഭങ്ങളിലെല്ലാം സര്‍ക്കാര്‍ അതിന്‌ അനുമതി നിഷേധിക്കുകയാണ്‌ ചെയ്‌തത്‌. എല്‍.എഫ്‌ ഭരണത്തില്‍ ഒരു നിരപരാധിയ്‌ക്കും നേരെ യുഎപിഎ ചുമത്തുമെന്ന്‌ കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ്‌ എല്‍.എഫ്‌ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

സിപിഎം അംഗങ്ങളായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പൊലീസ് നടപടി പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെ തള്ളിയിരുന്നു. മുഖ്യമന്ത്രിക്കല്ല, പൊലീസിനാണ് വീഴ്ച പറ്റിയതെന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞത്. യുഎപിഎ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലനും വ്യക്തമാക്കിയിരുന്നു. നേതാക്കള്‍ പൊലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയതോടെ സിപിഎമ്മും സര്‍ക്കാരും പ്രതിരോധത്തിലായിരുന്നു. 

Read Also: യുഎപിഎ അറസ്റ്റ്: അമര്‍ഷം പുകഞ്ഞ് സിപിഎം, പൊലീസിനെ പഴിചാരി നേതാക്കൾ

click me!