
തിരുവനന്തപുരം:സിപിഎം പാർട്ടി അംഗങ്ങളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പൊലീസ് നടപടി കൂട്ടത്തോടെ തള്ളി പാർട്ടി നേതാക്കൾ. മുഖ്യമന്ത്രിക്കല്ല പൊലീസിനാണ് വീഴ്ച പറ്റിയതെന്ന് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവനും യുഎപിഎ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എകെ ബാലനും വ്യക്തമാക്കി. പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിക്ക് പിന്നാലെ എൽഡിഎഫ് കണ്‍വീനറും മന്ത്രിമാരും നേതാക്കളുമെല്ലാം പൊലീസ് നടപടിയെ വിമർശിച്ച് രംഗത്തെത്തിയതോടെ സിപിഎമ്മും സര്‍ക്കാരും പ്രതിരോധത്തിലായി.
ഇടത് സഹയാത്രികരായ ആഷിഖ് അബു ,സുനിൽ പി ഇളയിടം അടക്കമുള്ളവരും അതിരൂക്ഷമായാണ് പൊലീസിന്‍റെ യുഎപിഎ നടപടിക്കെതിരെ പ്രതികരിച്ചത്. മുഖ്യമന്ത്രിയെ സംരക്ഷിച്ച് പൊലീസിനെ ഇടത് നേതാക്കൾ വിമർശിക്കുമ്പോൾ ഉത്തരവാദി മുഖ്യമന്ത്രി തന്നെയെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ക്രമസമാധാനപാലനത്തിനുള്ള ദേശീയ പുരസ്കാരങ്ങളിലും കൂടത്തായി അന്വേഷണത്തിലും എല്ലാം പൊലീസ് നേട്ടങ്ങൾ മുഖ്യമന്ത്രിയുടെ ക്രെഡിറ്റായാണ് സിപിഎം പ്രചരിപ്പിക്കുന്നത്. അതേസമയം യുഎപിഎ, ശബരമലയിലെ നടപടികൾ അടക്കം പൊലീസ് പ്രതികൂട്ടിലാകുന്ന ഘട്ടങ്ങളിൽ കുറ്റം മുഴുവൻ പൊലീസിൽ ചാരി മുഖ്യമന്ത്രിയെ വെള്ളപൂശുകയാണ് നേതാക്കൾ എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ,യുഎപിഎ അടക്കമുള്ള കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായി രംഗതെത്തിയത് സിപിഎമ്മാണ്. എന്നാൽ പിണറായി ഭരണകാലത്തും സമാന വിഷയങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ സിപിഎമ്മിലും പ്രതിസന്ധിയേറുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam