
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പുതിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലും പാർട്ടി തീരുമാനം ഇന്നുണ്ടായേക്കും. പാർട്ടി സംസ്ഥാന സമിതിയംഗമായ സൂസൻ കോടിക്കാണ് സാധ്യതയേറുന്നത്. ജില്ലാ തലത്തിൽ തെരഞ്ഞെടുപ്പ് റിവ്യു പൂർത്തിയായ സാഹചര്യത്തിൽ സംസ്ഥാന തല റിപ്പോർട്ടിനും അന്തിമ രൂപം നൽകും. ജില്ലാ റിവ്യുകളിൽ ആലപ്പുഴയിൽ ജി.സുധാകരനെതിരെ പരാതികൾ ഉയർന്നിരുന്നു. മറ്റ് ജില്ലകളിലെ വിഷയങ്ങളും സംസ്ഥാന നേതൃത്വം പരിശോധിക്കും
പാർട്ടിക്കുള്ളിലെ എതിർചേരിയുടെ നീക്കങ്ങളിൽ തീർത്തും പ്രതിരോധത്തിലാണ് മുതിർന്ന നേതാവ് ജി. സുധാകരൻ. തനിക്ക് പകരക്കാരനായി അമ്പലപ്പുഴയിൽ ജയിച്ചു കയറിയ എച്ച്. സലാം ഉൾപ്പെടെ അതിരൂക്ഷമായാണ് ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പോരായ്മകളിൽ തുടങ്ങി, പൊളിറ്റിക്കൽ കൊറോണ എന്ന പരാമർശം പോലും സുധാകരനെതിരെ നേതാക്കൾ നടത്തി. സംഘടിതമായ ആക്രമണത്തിൽ ജി. സുധാകരനും അനുകൂലികളും ഏറെ പ്രതിരോധത്തിലാണ്. വിമർശനങ്ങൾ കേട്ട സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ, എല്ലാം പാർട്ടി പരിശോധിക്കുമെന്ന ഉറപ്പുനൽകിയാണ് ആലപ്പുഴയിൽ നിന്ന് മടങ്ങിയത്. സംസ്ഥാന നേതൃത്വം എന്ത് തീരുമാമെടുക്കും എന്നതാണ് പ്രധാനം.
അരുവിക്കരയിൽ എൽഡിഎഫ് വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചു എന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.മധുവിനെതിരെയാണ് പരാതി ഉയർന്നത്. ആദ്യം സ്ഥാനാർത്ഥിയായി തീരുമാനിച്ച മധു പിന്നീട് ജി.സ്റ്റീഫൻ സ്ഥാനാർത്ഥിയായതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വിട്ടുനിന്നെന്നാണ് ഉയർന്ന പ്രധാന ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ ഇത് പരിശോധിക്കാൻ മൂന്നംഗ കമ്മീഷനെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam