
കണ്ണൂർ: യൂത്ത് ലീഗിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്ന സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ. കരിപ്പൂർ കേസിൽ ഒളിവിൽ കഴിയുന്ന യൂത്ത് ലീഗ് നേതാവ് സുഹൈലിനെ നേരത്തെ പുറത്താക്കിയെന്ന വാദം പച്ച കള്ളമാണെന്ന് ഷാജർ പറഞ്ഞു.
മുസ്ലീംലീഗിന് സ്വർണകടത്തുമായുള്ള ബന്ധം തെളിയിക്കാൻ നൂറിലധികം തെളിവുകളുണ്ട്. യൂത്ത് ലീഗിന്‍റെ മലപ്പുറം ജില്ലാ സെക്രട്ടറി സിഎച്ച് അബ്ദുൾ കരീം സ്വർണം കടത്തിയതിന് പിടിക്കപ്പെട്ടയാളാണെന്നും ഷാജർ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഷാജറിന്‍റെ മറുപടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...
യൂത്ത് ലീഗിൻ്റെ ഇന്നത്തെ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ 'മികവ്' 2017ൽ സ്വർണ്ണക്കടത്തിന് കോയമ്പത്തൂർ എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടിരുന്നു എന്നതാണ്.
പി കെ ഫിറോസ് ഇന്ന് കണ്ണൂരിൽ വെച്ച്,യൂത്ത് ലീഗിന് സ്വർണ്ണക്കടത്തിൽ ബന്ധമില്ല എന്ന് പറയുന്നതായി കണ്ടു. കരിപ്പൂർ കേസ്സിൽ ഒളിവിൽ കഴിയുന്ന പട്ടാമ്പിയിലെ യൂത്ത് ലീഗ് നേതാവ് സുഹൈലിനെ മുന്നെ തന്നെ സംഘടനയിൽ നിന്നും പുറത്താക്കിയതാണെന്ന കള്ളവും അദ്ദേഹം പറയുകയുണ്ടായി. യഥാർത്ഥ്യവുമായി ബന്ധമില്ലാത്ത പച്ചയായ കള്ളമാണ് ഫിറോസ് പറഞ്ഞത് എന്ന് ആർക്കാണ് അറിയാത്തത്. ലീഗിന് സ്വർണ്ണക്കടത്തുമായുള്ള ബന്ധം തെളിയിക്കാൻ, ഒന്നും രണ്ടുമല്ല വേണമെങ്കിൽ നൂറിലധികം തെളിവുകൾ നിരത്താൻ തയ്യാറാണ്.
യൂത്ത് ലീഗിൻ്റെ മലപ്പുറം ജില്ലാ സെക്രട്ടറിയും, നിലമ്പൂർ മണ്ഡലം പ്രസിഡണ്ടുമായ സി എച്ച് അബ്ദുൾ കരീമിന് ഈ പദവികൾ നൽകിയത് സ്വർണ്ണക്കടത്തിൻ്റെ മികവ് അടിസ്ഥാനമാക്കിയാണോ ? സ്വർണ്ണം കടത്തിയതിന് 2017ൽ കോയമ്പത്തൂർ എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടയാളെ സ്വന്തം ജില്ലയിൽ യൂത്ത് ലീഗിൻ്റെ സെക്രട്ടറിയാക്കിയത് ഫിറോസ് മറന്നു പോയതാണോ ? ഈ പറഞ്ഞതൊന്നും, നിങ്ങൾ DYFI യ്ക്ക് നേരെ ഉന്നയിക്കുന്നത് പോലെ ആകാശത്തേക്ക് പൊട്ടിക്കുന്ന പൊയ് വെടിയല്ല. യൂത്ത് ലീഗിൻ്റെ സ്വർണ്ണ കള്ളക്കടത്ത് ബന്ധത്തെ വസ്തുതയുടെയും, തെളിവിൻ്റെയും അടിസ്ഥാനത്തിൽ തുറന്നു കാട്ടുകയാണ്. കള്ളപ്പണക്കാർക്കും, സ്വർണ്ണക്കത്തുകാർക്കും കമ്മറ്റികളിൽ റിസർവേഷൻ നൽകിയിട്ടുള്ള പ്രസ്ഥാനമാണ് ഫിറോസിൻ്റേത്. ഇതിനാൽ തന്നെ പോകുന്ന വഴിയിൽ ഒന്ന് കിടക്കട്ടെ എന്ന ഏർപ്പാട് നിർത്തുന്നതാണ് നല്ലത് എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam