കുലുക്കല്ലൂർ സഹകരണ സംഘം സാമ്പത്തിക തട്ടിപ്പ്: ലോക്കൽ സെക്രട്ടറിയടക്കം ആറ് പേർക്കെതിരെ നടപടിക്ക് സിപിഎം

By Web TeamFirst Published Aug 26, 2021, 1:56 PM IST
Highlights

സംഘം ഭരണസമിതി പിരിച്ചു വിടാനും ഏരിയ കമ്മറ്റിയുടെ ശുപാർശ ചെയ്തു. ഇതെല്ലാം ഒരുമിച്ച് പരിഗണിച്ച് ജില്ലാ കമ്മിറ്റി തീരുമാനമെടുക്കും. 

പാലക്കാട്: ചെർപ്പുളശ്ശേരി കുലുക്കല്ലൂർ ക്രഡിറ്റ് സഹകരണ സംഘത്തിന്റെ പണം അപഹരിച്ച കേസിൽ അച്ചടക്ക നടപടിയുമായി കുലുക്കല്ലൂർ സിപിഎം ഏരിയ കമ്മിറ്റി. ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ആറ് സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു.

ലോക്കൽ കമ്മറ്റി അംഗമായ സംഘം പ്രസിഡണ്ട് അബ്ദുറഹ്മാൻ, ലോക്കൽ കമ്മറ്റി അംഗവും സംഘം ജീവനക്കാരനുമായ മണികണ്ഠൻ, സംഘം ഓണററി സെക്രട്ടറി ജനാർദനൻ നായർ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് ശുപാർശ. ലോക്കൽ സെക്രട്ടറി എംഎം വിനോദ് കുമാറിനെയും സംഘം വൈസ് പ്രസിഡന്റ് എംകെ ശ്രീകുമാറിനെയും സസ്പെന്റ് ചെയ്യും. ലോക്കൽ കമ്മറ്റി അംഗവും സംഘം വൈസ് പ്രസിഡൻറുമായ എം കെ ശ്രീകുമാറിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശയുണ്ട്. സംഘം ഭരണസമിതി പിരിച്ചു വിടാനും ഏരിയ കമ്മറ്റി ശുപാർശ ചെയ്തു. ഇതെല്ലാം ഒരുമിച്ച് പരിഗണിച്ച് ജില്ലാ കമ്മിറ്റി തീരുമാനമെടുക്കും. 

സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. 43.5 ലക്ഷം രൂപ വ്യാജ ഒപ്പിട്ട് അപഹരിച്ചു എന്ന് ഓഡിറ്റിൽ കണ്ടെത്തി. പിന്നാലെ സംഘത്തിലെ ഹോണററി സെക്രട്ടറിയെ സസ്പെന്റ് ചെയ്തു. ജീവനക്കാരനായ മണികണ്ഠൻ സ്ഥിരം നിക്ഷേപകരുടെ പലിശ തുകയിൽ കൃത്രിമം കാട്ടി തട്ടിയെടുത്തുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിന്റെ പണം ഇയാൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. 

സംഘത്തിൽ നിന്നും വായ്പ എടുത്ത 24 പേരെ കുറിച്ച് യാതൊരു വിശദാംശങ്ങളുമില്ല. ഇവരുടെ ഒപ്പു പോലും സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി. വ്യക്തിഗത ജാമ്യത്തിൽ മേൽ മാത്രം ബിസിനസ് വായ്പകൾക്ക് നൽകിയത് ഗുരുതര വീഴ്ച്ചയാണ്. വായ്പക്കാരിൽ നിന്നും റിസ്ക്ക് ഫണ്ട് ഈടക്കുകയോ അംഗത്വം എടുക്കുകയോ ചെയ്തിട്ടില്ല.

സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നതോടെ അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു.  ഈ കമ്മീഷൻ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാർശ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!