അമൂല്യ ഔഷധസസ്യമായ ആരോഗ്യപ്പച്ചയെക്കുറിച്ചുളള അറിവ് പുറംലോകത്തെ അറിയിച്ച ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. പുഷ്പാംഗദൻ അന്തരിച്ചു.
തിരുവനന്തപുരം: അമൂല്യ ഔഷധസസ്യമായ ആരോഗ്യപ്പച്ചയെക്കുറിച്ചുളള അറിവ് പുറംലോകത്തെ അറിയിച്ച ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. പുഷ്പാംഗദൻ അന്തരിച്ചു. 82 വയസ്സായിരുന്നു. തിരുവനന്തപുരം മണ്ണാമൂലയിലെ വസതിയിലായിരുന്നു അന്ത്യം. സസ്യങ്ങളെക്കുറിച്ചുളള പഠനങ്ങളിൽ നിസ്തുലമായ പങ്ക് വഹിച്ച ഡോ.പുഷ്പാംഗദൻ എൺപതുകളുടെ അവസാനമാണ് അഗസ്ത്യമലയിലെ കാണി വിഭാഗക്കാർക്ക് മാത്രം അറിവുണ്ടായിരുന്നു ആരോഗ്യപ്പച്ചയെ ഡോ. രാജശേഖരനൊപ്പം കണ്ടെത്തുന്നത്. എട്ട് വർഷത്തെ ഗവേഷണത്തിനൊടുവിൽ ജീവനം എന്ന ഔഷധം ആരോഗ്യപ്പച്ചയിൽ നിന്ന് ഉത്പാദിപ്പിച്ചു. ഇതിന്‍റെ പേറ്റന്‍റിൽ ഒരു വിഹിതം കാണി വിഭാഗത്തിന് കൂടി ഉറപ്പാക്കിയ പങ്കാളിത്ത രീതി, പുഷ്പാംഗദൻ മോഡൽ ഓഫ് ബെനഫിറ്റ് ഷെയറിങ് എന്ന പേരിൽ അന്താരാഷ്ട്ര അംഗീകാരം നേടി. സിഎസ്ഐആറിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സംസ്കാരം വൈകീട്ട് തൈക്കാട് ശാന്തികവാടത്തിൽ നടന്നു.

