
തിരുവനന്തപുരം: സ്പ്രിംഗ്ളർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേയും സർക്കാരിനേയും പിന്തുണച്ച് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ സിപിഎം സംസ്ഥാന ഘടകം നൽകിയത്. ഇന്ന് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തിരുന്നുവെങ്കിലും ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകുക പോലും ചെയ്യേണ്ടി വന്നില്ല.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ ശക്തമായി മുന്നോട്ട് പോകണമെന്നും പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു. വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ വിമർശനങ്ങളെക്കുറിച്ച് നിയമമന്ത്രി എകെ ബാലൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി.
പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറിക്കാനുള്ള പ്രതിപക്ഷ ശ്രമമാണ് ഇതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് പ്രസ്താവനയിലൂടെ ആരോപിച്ചു. മനുഷ്യ ജീവൻ സംരക്ഷിക്കാൻ അസാധാരണ നടപടികൾ കൈക്കൊള്ളാൻ സർക്കാർ ബാധ്യസ്ഥമാണ്. അനാവശ്യ ആരോപണങ്ങളുടെ പിറകേ പോകേണ്ട സമയമല്ല ഇത്.
എല്ലാം സാധാരണ നിലയിലായ ശേഷം ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും ഇപ്പോൾ സർക്കാർ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പാർട്ടി പൂർണപിന്തുണ നൽകുന്നതായും സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു. മാധ്യമങ്ങളിൽ ഒരു വിഭാഗവും ഉത്തരവാദിത്തം മറന്ന് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam