കൊച്ചി: സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ നടപടി തീരുമാനിക്കാൻ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം എറണാകുളത്ത് തുടങ്ങി. പാർട്ടി കേന്ദ്രകമ്മറ്റി അംഗം എ.വിജയരാഘവന്റെ സാന്നിധ്യത്തിലാണ് യോഗം. സക്കീർ ഹുസൈനെ യോഗത്തിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സക്കീറിനെതിരെ പാർട്ടി നടപടിക്ക് ഒരുങ്ങുന്നത്.
അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് സക്കീർ ഹുസൈനെതിരെ പരാതി ഉയർന്നത്. സക്കീർ ഹുസൈന് നാല് വീടുകളുണ്ടെന്നും ഈ വീടുകളുണ്ടാക്കാനുള്ള പണവും സ്വത്തും ക്രമക്കേടുകളിലൂടെയാണ് സമ്പാദിച്ചത് എന്നുമായിരുന്നു പരാതി. ജില്ലാ കമ്മിറ്റിയാണ് സക്കീർ ഹുസൈനെതിരെ അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചത്. സി എം ദിനേശ് മണി, പി ആർ മുരളി എന്നിവർക്കായിരുന്നു അന്വേഷണച്ചുമതല. പരാതിയിൽ സക്കീർ ഹുസൈൻ പാർട്ടിക്ക് വിശദീകരണം നൽകുകയും ചെയ്തിരുന്നു. രണ്ട് വീടുകളാണ് തനിക്ക് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയർന്ന ശമ്പളമുള്ളത് കൊണ്ട് നികുതി ഒഴിവാക്കാനാണ് ലോൺ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയത് എന്നുമാണ് സക്കീർ ഹുസൈൻ പാർട്ടിക്ക് നൽകിയ വിശദീകരണം.
ഇതിനിടെ, സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് സിപിഎം ജില്ലാ ഘടകം വ്യക്തമാക്കുകയായിരുന്നു. നടപടിക്കാര്യത്തിൽ തീരുമാനമായില്ലെന്നും നടപടിയെടുത്താൽ അക്കാര്യം പാർട്ടി തന്നെ അറിയിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.
ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ ഭീഷണിപ്പെടുത്തൽ, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃതസ്വത്ത് സമ്പാദനം, സ്ഥലം എസ്ഐയെ ഭീഷണിപ്പെടുത്തൽ, ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പൊലീസുകാർക്ക് നേരെ തട്ടിക്കയറൽ ഇങ്ങനെ നിരവധി വിവാദങ്ങൾ നേരിടുകയും ആരോപണവിധേയനാവുകയും ചെയ്തയാളാണ് സക്കീർ ഹുസൈൻ. പ്രളയ ഫണ്ട് തട്ടിപ്പിലും സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണം തുടരുകയാണ്. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇതിന് മുമ്പ് സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണം നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam