
തൃശൂർ: സിപിഎം (Cpim) തൃശൂര്‍ ജില്ലാ സമ്മേളനത്തിന് (Thrissur District Conference) നാളെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമാകും. കൊവിഡ് സാഹചര്യം വിലയിരുത്താനും പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കാനുമായി ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ ചേരുന്നുണ്ട്. രാവിലെ 11ന് ചേരുന്ന യോഗത്തിൽ സമ്മേളന പരിപാടികൾ ഇനിയും വെട്ടിക്കുറക്കേണ്ടതുണ്ടോയെന്ന് ചർച്ച ചെയ്യും. സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം.
എന്നാൽ, കൊവിഡ് രോഗികളുടെ വർധനവും ഉയരുന്ന ടിപിആറും നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. പൊതു സമ്മേളന വേദിയിൽ ഇന്ന് സംഗമിക്കേണ്ട ദീപശിഖാ, പതാക, കൊടിമര ജാഥകൾ എല്ലാം വേണ്ടെന്ന് വെച്ചതോടെ നാളെ രാവിലെ മാത്രമേ സമ്മേളന നടപടികൾ ആരംഭിക്കൂ. സിപിഎം കാസർകോട് ജില്ലാ സമ്മേളനവും നാളെയാണ് തുടങ്ങുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ സമാപന പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണം ഉണ്ടെങ്കിലും 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക.
പാർട്ടി ശക്തി കേന്ദ്രമായ മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സിപിഎം ജില്ലാ സമ്മേളനം നടക്കുന്നത്. 150 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊവിഡ് നിയന്ത്രണങ്ങൾ ഉളളതിനാൽ പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്.
അഞ്ഞൂറിലധികം പേർക്കിരിക്കാവുന്ന ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. വിവിധ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവൻ സമയവും പങ്കെടുക്കും. ജില്ലാ കമ്മിറ്റിയിൽ നിന്ന് പത്ത് പേരെ മാറ്റിയേക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിത്യം ഉയർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകിയാകും പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വരിക. ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണൻ തുടരാനാണ് സാധ്യത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam