
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കെതിരെ ഒന്നിന് പുറകെ ഒന്നായി ഉയരുന്ന വിവാദങ്ങൾക്ക് പിന്നിൽ ജില്ലാ സെക്രട്ടറി സ്ഥാനം പിടിക്കാനുള്ള കടുത്ത കിടമത്സവരും വിഭാഗീയതയും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മാറിയ ആനാവൂര്‍ നാഗപ്പന് പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സമവായം കണ്ടെത്താൻ കഴിയാത്തതാണ് പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനം.
ദത്ത് വിവാദത്തിലും കത്ത് വിവാദത്തിലും തുടങ്ങി ഏറ്റവും ഒടുവിൽ ശബ്ദ രേഖ വിവാദം വരെ നീളുന്നതാണ് വിവാദങ്ങളുടെ നിര. ആരോപണത്തിന്റെ ഒരറ്റത്ത് എപ്പോഴും ആനാവൂര്‍ നാഗപ്പനുണ്ട്. പ്രശ്നത്തിൽ അകപ്പെടുന്നവരും പാര്‍ട്ടി നടപടി നേരിടുന്നതും ആനാവൂരിന് അടുപ്പമുള്ളവര്‍. പാര്‍ട്ടിക്കകത്തും മേൽഘടകങ്ങളിലും നിരന്തരം ഉന്നയിക്കപ്പെടുന്ന പരാതികളിൽ ഒരു ഭാഗം മാത്രമാണ് പൊതു സമൂഹത്തിൽ ചര്‍ച്ചയാകുന്നതും. കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് മേയറും കൗൺസിലറും എഴുതിയ കത്ത് പുറത്ത് വന്ന സംഭവത്തിൽ കോര്‍പറേഷൻ ഭരണസമിതിയും സിപിഎമ്മും ഒരുപോലെ പ്രതിസന്ധി നേരിട്ടിട്ടും ഇതുവരെ കാര്യമായ അന്വേഷണമൊന്നും നടന്നിട്ടില്ല.
വിവാദത്തിൽ പാര്‍ട്ടി തല അന്വേഷണമോ നടപടിയോ ഉണ്ടാകാത്തതിൽ വലിയ അമര്‍ഷം എതിര്‍ ടീമിൽ ശക്തമായോടെയാണ് അന്വേഷണ കമ്മീഷനെ വയ്ക്കാൻ ആനാവൂര്‍ നിര്‍ബന്ധിതനായത്. ആനാവൂര്‍ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും വി ശിവൻകുട്ടിയും നേതൃത്വം നൽകുന്ന മൂന്ന് പ്രബല ഗ്രൂപ്പുകളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള കിടമത്സരത്തിനുള്ളത്. ടൈറ്റാനിയം അഴിമതി മുതൽ സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ പാര്‍ട്ടി അനുമതി നൽകിയിട്ടും മാനനഷ്ടക്കേസ് കൊടുക്കാൻ നേതാക്കൾ തയ്യാറാകാത്തത് വരെയുള്ള പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ ചര്‍ച്ചയാക്കിയാണ് വിഭാഗീയത കൊഴുക്കുന്നത്. വിവിധ ഗ്രൂപ്പിന്റെ പ്രതിനിധികളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജയൻബാബു, കെഎസ് സുനിൽകുമാര്‍ വി ജോയ് എംഎൽ, എം വിജയകുമാര്‍ എന്നിവര്‍ രംഗത്തുണ്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനം ജനുവരി 6 മുതൽ 9 വരെ തിരുവനന്തപുരത്ത് ചേരാനിരിക്കെ അതുവരെ തുടരുമെന്ന നിലപാടാണ് ആനാവൂര്‍ നാഗപ്പനെന്നാണ് അവസാന വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam