Latest Videos

സിപിഎം വോട്ടുകൾ കാപ്പന് പോയി: പാലാ തോൽവിയിൽ കേരള കോൺ​ഗ്രസിന് പരാതി

By Asianet MalayalamFirst Published May 5, 2021, 2:15 PM IST
Highlights

സിപിഎം വോട്ട് വ്യാപകമായി കാപ്പൻ ക്യാമ്പിലേക്ക് പോയെന്നാണ് കേരളാ കോൺഗ്രസ് വിലയിരുത്തൽ. പ്രാദേശികമായി ജോസ് കെ മാണിയെ ഉൾക്കൊള്ളാൻ സിപിഎം പ്രവർത്തകർക്കായില്ല. 

കോട്ടയം: പാലായിലെ തോല്‍വിയിൽ സിപിഎമ്മിനെ പഴിചാരി കേരളാ കോൺഗ്രസ്. പ്രാദേശിക തലത്തില്‍ സിപിഎമ്മുമായി പാര്‍ട്ടിക്ക് യോജിക്കാനായിട്ടില്ലെന്ന് തോമസ് ചാഴികാടൻ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാലായിലെ തോൽവിയിലെ സിപിഎം - കേരളാ കോൺഗ്രസ് ഭിന്നത ഇതോടെ മറനീക്കി പുറത്ത് വരികയാണ്. 

സിപിഎം വോട്ട് വ്യാപകമായി കാപ്പൻ ക്യാമ്പിലേക്ക് പോയെന്നാണ് കേരളാ കോൺഗ്രസ് വിലയിരുത്തൽ. പ്രാദേശികമായി ജോസ് കെ മാണിയെ ഉൾക്കൊള്ളാൻ സിപിഎം പ്രവർത്തകർക്കായില്ല. അടുത്തിടെ നടന്ന ഭിന്നത പ്രതിഫലിച്ചോയെന്ന് സംശയമുണ്ട്. ഏഴ് പഞ്ചായത്തുകളിൽ സ്വാധീനമുണ്ടായിട്ടും ബിജെപി ഭരിക്കുന്ന മുത്തോലിയിൽ മാത്രമാണ് ജോസിന് മുന്നിലെത്താനായത്. ഇക്കാര്യങ്ങളെല്ലാം ഇരുപാർട്ടികളും  വിശദമായി പരിശോധിക്കണമെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗവും എംപിയുമായ തോമസ് ചാഴികാടൻ ആവശ്യപ്പെടുന്നു

അതേസമയം പാലായിൽ പാർട്ടി വോട്ടുകൾ മാത്രമല്ല കേരളാ കോൺഗ്രസ് വോട്ടുകളിലും വിള്ളലുണ്ടായെന്നാണ് സിപിഎം വിലയിരുത്തൽ. ജോസ് കെ മാണിക്കെതിരെയുള്ള എതിർപ്പ് പ്രധാന ഘടകമായി. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പാലാ നഗരസഭയിലെ കൈയ്യാങ്കളിയിൽ നടപടി വേണമോ എന്ന കാര്യവും ആലോചനയിലുണ്ട്. വിശദമായ റിപ്പോർട്ട് സിപിഎം ജില്ലാ നേതൃത്വം തയ്യാറാക്കി സംസ്ഥാന നേതൃത്വത്തിന് കൈമാറി. അതസമയം സിപിഎം നിസഹകണം സംസ്ഥാന തലത്തിൽ  പരാതിയായോ മറ്റോ ഉന്നയിക്കേണ്ടതില്ലെന്നാണ് കേരളാ കോൺഗ്രസ്  തീരുമാനം.

click me!