
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ പരാജയത്തിന് ഉത്തരവാദികളായവർക്കെതിരെ ഈ മാസം തുടങ്ങുന്ന സിപിഎം സമ്മേളനങ്ങൾക്ക് മുന്നേ തന്നെ നടപടിയുണ്ടാകും. ഇതിനുമുന്നോടിയായി ജില്ലയിലെ മുതിർന്ന നേതാക്കളായ സികെ മണിശങ്കർ, എൻ സി മോഹനൻ അടക്കമുളളവരോട് പാർടി വിശദീകരണം തേടി. തൃപ്പൂണിത്തുറയടക്കമുളള മണ്ഡലങ്ങളിൽ കനത്ത വോട്ടു ചേർച്ചയുണ്ടായെന്നും പരാജയം തടയാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചില്ലെന്നുമാണ് അന്വേഷണ കമ്മീഷനുകളുടെ കണ്ടെത്തൽ.
സിപിഎം സ്ഥാനാർഥികൾ മൽസരിച്ച തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം പിന്നെ കേരളാ കോൺഗ്രസ് എം സ്ഥാനാർഥി മൽസരിച്ച പെരുന്പാവൂർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചായിരുന്നു ഏറ്റവും അധികം പരാതികൾ ഉയർന്നത്. ഗോപി കോട്ടമുറിക്കൽ, കെ ജെ ജേക്കബ്, സിഎം ദിനേശ് മണി, പി എം ഇസ്മേയേൽ എന്നിവരാണ് ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങൾ തേടിയത്.
ഇവർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സികെ മണിശങ്കർ, എൻ സി മോഹനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി എൻ സുന്ദരൻ, വിപി ശശീന്ദ്രൻ, പി കെ സോമൻ, ഏരിയാ സെക്രട്ടറിമാരായ പി വാസുദേവൻ, പി എം സലീം, ഷാജു ജേക്കബ് കെ ഡി വിൻസന്‍റ് എന്നിവരോട് വിശദീകരണം തേടാൻ തീരുമാനിച്ചത്. ഈ മാസം 15ന് പാർടി സമ്മേളനങ്ങൾ തുടങ്ങും മുൻപേ തന്നെ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാനാണ് നീക്കം. തൃപ്പൂണിത്തുറയിൽ എം സ്വരാജിനുവേണ്ടി പാർട്ടി നേതൃത്വം വേണ്ട പോലെ പ്രവർത്തിച്ചില്ലെന്നും ഏരൂരിലടക്കം വൻ വോട്ടുചോർച്ചയുണ്ടായെന്നുമാണ് അന്വേഷണ കമ്മീഷനുകളുടെ കണ്ടെത്തൽ.
തൃക്കാക്കരയിൽ പാർട്ടിക്കായി മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി ഡോ.ജോ ജേക്കബിനും കാര്യമായ പിന്തുണ കിട്ടിയില്ല. പിറവത്ത് മത്സരിച്ച ഇടതു സ്ഥാനാർഥി ഡോ.സിന്ധുമോൾ ജേക്കബിനെതിരെ ഏരിയ സെക്രട്ടറി ഷാജു ജേക്കബ് തന്നെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടത് ഗുരുതര വീഴ്ചയായും കണ്ടെത്തി. സംസ്ഥാനത്തൊട്ടാകെ ഇടത് തരംഗമുണ്ടായിട്ടും എറണാകുളം ജില്ലയിൽ അത് പ്രതിഫലിക്കാതിരുന്നത് പാർട്ടി വീഴ്ചയെന്നാണ് കണ്ടെത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam