
തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാരിന്റെ രണ്ട് വൈദ്യുതി കരാറിലും നടന്ന അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി പി എം. വി ഇ എച്ച് ഗ്ലോബല്‍ ഇന്ത്യയുമായി 200 മെഗാവാട്ടും ഹിമാചലില്‍ നിന്ന് 900 മെഗാവാട്ടും വൈദ്യുതി വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്നാണ് പുറത്തുവന്ന രേഖകള്‍ വ്യക്തമാകുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കാറ്റാടിയില്‍ നിന്നുള്ള വൈദ്യുതിയാണ് വി ഇ എച്ച് ഗ്ലാബല്‍ ഇന്ത്യയില്‍ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കില്‍ വാങ്ങിയത്. കാറ്റാടിയില്‍ നിന്നുള്ള വൈദ്യുതി ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. എന്നാല്‍ ഇരട്ടിയിലധികം തുക നല്‍കിയാണ് വി ഇ എച്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയത്. ഹിമാചലില്‍ നിന്നുള്ള വൈദ്യുതിയാവട്ടെ എനര്‍ജി എക്‌സ്‌ചേഞ്ചിലെ നിരക്കിനേക്കാള്‍ ഏറ്റവും കൂടിയ നിരക്കാണുതാനും. ഒക്‌ടോബര്‍ മാസം കെ എസ് ഇ ബി 282 കോടി രൂപയുടെ വൈദ്യുതിയാണ് കരാര്‍ പ്രകാരം വാങ്ങിയതെന്നും സി പി എം ചൂണ്ടിക്കാട്ടി. യു ഡി എഫ് സര്‍ക്കാരിനെ പലപ്പോഴും ന്യായീകരിക്കുന്ന മാധ്യമങ്ങള്‍പോലും ഈ രണ്ട് കരാറുകളും സര്‍ക്കാരിന് കോടികളുടെ നഷ്‌ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട് ചെയ്‌തതെന്നും സി പി എം കൂട്ടിച്ചേർത്തു.
ടെന്‍ഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ നിയമ - ധന വകുപ്പുകളുടെ പരിശോധനയോ ഇല്ലാതെ ഫയലിന്മേല്‍ അതിവേഗം മുഖ്യമന്ത്രി നേരിട്ടാണ് ഉത്തരവ് നല്‍കുന്നത്. വിവിധ വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈവശംവച്ചത് അഴിമതി നടത്താനാണെന്ന് നേരത്തെ സംശയം ഉയര്‍ന്നുവന്നിരുന്നു. അത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സി പി എം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ആറ് മാസം തികയുന്നതിന് മുമ്പ് തന്നെ ഗുരുതരമായ അഴിമതി ആരോപണമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ജി എന്‍ എ കമ്പനിയുമായി കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നും പിന്നെ എന്ത് അഴിമതി എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാല്‍ ഒക്‌ടോബറിലെ രണ്ട് വൈദ്യുതി കരാറുകള്‍ പ്രകാരം വൈദ്യുതി കൂടിയവിലക്ക് വാങ്ങാന്‍ നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയാണ്. സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ സത്യം ജനങ്ങളെ അറിയിക്കുകയും കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കുകയുംവേണമെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam