'അധികകാലം ഞെളിഞ്ഞിരിക്കാം എന്ന് കരുതേണ്ട', നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസറോട് സിപിഎം ഏരിയാ സെക്രട്ടറി

Published : Jun 16, 2022, 11:53 AM ISTUpdated : Jun 16, 2022, 11:54 AM IST
'അധികകാലം ഞെളിഞ്ഞിരിക്കാം എന്ന് കരുതേണ്ട', നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസറോട് സിപിഎം ഏരിയാ സെക്രട്ടറി

Synopsis

കോൺഗ്രസിന്റെ കൊടി കത്തിക്കാതിരിക്കാൻ സിഐ അത് നെഞ്ചോട് ചേർത്ത് പിടിച്ചുവെന്ന് ജയദേവൻ, പൊലീസ് സ്റ്റേഷനിൽ ഇരുന്ന് ആവശ്യമില്ലാത്ത പണി ചെയ്താൽ ജനം പണി കൊടുക്കുമെന്നും ഭീഷണി

തിരുവനന്തപുരം: നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും എസ്ഐക്കുമെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം ഏരിയാ സെക്രട്ടറി. നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജയദേവനാണ് എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സിഐ സന്തോഷിനും എസ്ഐ വിക്രമാദിത്യനുമെതിരെ ആഞ്ഞടിച്ചത്. കോൺഗ്രസിന്റെ കൊടി കത്തിക്കാതിരിക്കാൻ സിഐ അത് നെഞ്ചോട് ചേർത്ത് പിടിച്ചുവെന്ന് ജയദേവൻ ആരോപിച്ചു. സിഐയെ ആറാട്ടുമുണ്ടനെന്ന് വിശേഷിപ്പിച്ച ജയദേവൻ അധികകാലം സ്റ്റേഷനിൽ ഞെളിഞ്ഞിരിക്കാം എന്ന് കരുതേണ്ടെന്നും ഭീഷണിപ്പെടുത്തി. 

നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ സ്വന്തം കുടുംബത്തിന്റെ വകയാണെന്നാണ് സിഐ കരുതിയിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ ജനങ്ങളുടെ വകയാണ്. അവിടെയിരുന്ന് ആവശ്യമില്ലാത്ത പണി ചെയ്താൽ ജനങ്ങൾ പണി കൊടുക്കും. സിഐ സന്തോഷിനുള്ള പണി സർക്കാർ നൽകും. ഈ പ്രസംഗം കേൾക്കുന്നവരിൽ സിഐയുടെ സഹപ്രവർത്തകരുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കണം. കുറേനാളായി നെടുമങ്ങാട് സിഐയുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തുകയാണ്. പുറത്തുപറഞ്ഞാൽ നാണക്കേട് ആകും എന്നുള്ളത് കൊണ്ട് പറയുന്നില്ല. പരാതിയുമായി എത്തുന്നവരുടെ മുഖത്ത് നോക്കി സംസാരിക്കാൻ സിഐ തയ്യാറാകുന്നില്ല. ജില്ലാ സെക്രട്ടറിയുടെ ബന്ധുവാണെന്നാണ് അവകാശവാദം. എന്നാൽ ജില്ലാ സെക്രട്ടറിയെ വിളിച്ച് ചോദിച്ചപ്പോൾ ഇത്തരത്തിൽ ബന്ധുവില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ജയദേവൻ വ്യക്തമാക്കി. വിക്രമാദിത്യൻ എന്ന എസ്ഐ ആണ് ഇതിനെല്ലാം സിഐക്ക് കൂട്ട്. അച്ഛൻ പാർട്ടിക്കാരനാണെന്നാണ് ഇയാളുടെ അവകാശവാദം. അതും വെറുതെയാണ്. കൊള്ളരുതായ്മ ചെയ്തിട്ട് പാർട്ടിയുടെ ബന്ധുത്വം ആരോപിച്ചിട്ട് കാര്യമില്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.

നെടുമങ്ങാട് എസ്ഐ ആയി ജോലി ചെയ്യുകയും പിന്നീട് ആറ്റിങ്ങൽ ഡിവൈഎസ്‍പിയുമായ ഹരികുമാറിന്റെ മരണത്തിൽ പങ്കുള്ളയാളാണ് സിഐ സന്തോഷ് എന്ന ഗുരുതര ആരോപണവും ജയദേവൻ ഉന്നയിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് കൊടി കത്തിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ്  വിരട്ടിയോടിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചേർന്ന് എൽഡിഎഫ് യോഗത്തിലാണ് ഏരിയ സെക്രട്ടറി സിഐക്കെതിരെ വ്യക്തി അധിഷേപ പ്രസംഗം നടത്തിയത്. 
 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്