'ആകാശപാത പൊളിച്ചു നീക്കണം, പദ്ധതി മുടങ്ങാൻ കാരണം തിരുവഞ്ചൂരിന്റെ പിടിവാശി'; നിലപാട് വ്യക്തമാക്കി സിപിഎം 

Published : Sep 11, 2022, 09:05 AM ISTUpdated : Sep 11, 2022, 09:08 AM IST
'ആകാശപാത പൊളിച്ചു നീക്കണം, പദ്ധതി മുടങ്ങാൻ കാരണം തിരുവഞ്ചൂരിന്റെ പിടിവാശി'; നിലപാട് വ്യക്തമാക്കി സിപിഎം 

Synopsis

കോട്ടയം നഗരത്തിന് ശാപവും ബാധ്യതയുമാണ് ആകാശപാതയെന്ന് ജില്ലാ സെക്രട്ടറി എ.വി.റസല്‍ . പദ്ധതി മുടങ്ങിയതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. 

കോട്ടയം: കോട്ടയത്തെ ആകാശപാത പൊളിച്ചു നീക്കണമെന്ന് സിപിഎം. പദ്ധതി അനിശ്ചിതത്വത്തിലായതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ല, സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആകാശപാത പൊളിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാര്‍ വിശദീകരണം ആരാഞ്ഞ പശ്ചാത്തലത്തിലാണ് സിപിഎം ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്.  

കോട്ടയം നഗരത്തിന് ശാപവും ബാധ്യതയുമാണ് ആകാശപാതയെന്ന് ജില്ലാ സെക്രട്ടറി എ.വി.റസല്‍ പറഞ്ഞു. പദ്ധതി മുടങ്ങിയതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. തിരുവഞ്ചൂര്‍ മാത്രമാണ് പദ്ധതി അനിശ്ചിതത്വത്തിലായതിന് ഉത്തരവാദിയെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിടിവാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആകാശപാത അനിശ്ചിതത്വത്തിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതാദ്യമായാണ് പദ്ധതി പൊളിച്ചു നീക്കണമെന്ന നിലപാട് സിപിഎം ഉന്നയിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വീഴ്ചയാണ് പദ്ധതി വൈകാന്‍ കാരണമെന്ന വിമര്‍ശനങ്ങളെയും തള്ളുന്ന സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാവായ കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതികൂട്ടിലാക്കുകയാണ്. ആകാശപാത പൊളിച്ചു നീക്കണമെന്നു പറയുമ്പോഴും പദ്ധതിക്കു പിന്നില്‍ അഴിമതി ഉണ്ടെന്ന പ്രചാരണം ഏറ്റെടുക്കാന്‍ സിപിഎം നേതൃത്വം തയാറാകുന്നില്ല എന്നത് ശ്രദ്ധേയമാണ്.

'കോട്ടയത്തെ ആകാശപാത പൊളിച്ച് നീക്കണമെന്ന ഹർജി അനുവദിക്കരുത്', തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹൈക്കോടതിയിൽ

കോട്ടയത്തെ  ആകാശപാത  പൊളിച്ച് നീക്കണമെന്ന ഹർജിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹൈക്കോടതിയിൽ. അപകടഭീഷണിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ  ഹർജി  അനുവദിക്കരുതെന്നും കേസിൽ തന്‍റെ ഭാഗം കൂടി കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ ഹർജി സമര്‍പ്പിച്ചത്. പാത നിർമ്മിക്കുന്നത് കാൽനട യാത്രക്കാരുടെ സൗകര്യാർത്ഥമാണെന്നും പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതുണ്ടെന്നും തിരുവഞ്ചൂർ കോടതിയെ അറിയിച്ചു. ആകാശപാതയ്ക്കായി നിർമ്മിച്ച തൂണുകൾ അപകട ഭീഷണിയാണെന്ന വാദം ശരിയല്ലെന്നും പൊതുജന നന്മയ്ക്കായി ആരംഭിച്ച പദ്ധതി പൂർത്തീകരിക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കക്ഷി ചേരൽ അപേക്ഷയിൽ എംഎൽഎ വ്യക്തമാക്കി. 2016ൽ ആണ് കോട്ടയത്തെ ആകാശപാത നിർമാണം ആരംഭിച്ചത്. കേസിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെയും കോടതി കക്ഷി ചേർത്തു.

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ