
കോഴിക്കോട്: കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുകയും രോഗ വ്യാപനം തടയുന്നതിൽ പരാജയപ്പെടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്ച മറയ്ക്കാൻ സിപിഎം കേന്ദ്ര മന്ത്രി വി.മുരളീധരനെ ആക്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ച് പ്രവർത്തിച്ചതിനെ ചോദ്യം ചെയ്തതിനാണ് സിപിഎം മുരളീധരനെ വളഞ്ഞിട്ടാക്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ കേരളം ലോക റെക്കോഡിലെത്തി നിൽക്കുമ്പോൾ വിഷയം വഴിമാറ്റാനാണ് സർക്കാരിന്റെ ശ്രമം. കൊവിഡ് വ്യാപനത്തിൽ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം. കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡൽ വെറും പി ആർ തള്ള് മാത്രമായിരുന്നു. വി മുരളീധരനെ വളഞ്ഞിട്ടാക്രമിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. സിപിഎമ്മിന്റെ പ്രതാപകാലത്ത് അവരുടെ പാർട്ടി കോട്ടയിൽ ദേശീയ പ്രസ്ഥാനത്തിന്റെ പതാക പാറിച്ച നേതാവാണ് മുരളീധരൻ. മെയ് രണ്ട് കഴിഞ്ഞാൽ ഇന്ത്യാ ഭൂപടത്തിൽ നിന്നും തന്നെ പുറന്തള്ളപ്പെടാനിരിക്കുന്ന സിപിഎമ്മിന്റെ ഭീഷണി അദ്ദേഹത്തിന് വെറും ഓലപാമ്പാണ്. മുരളീധരനെ വേട്ടയാടാൻ സിപിഎമ്മിനെ ബിജെപി അനുവദിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam