
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം കണ്ടെത്തിയ രണ്ട് സ്ഥാനാര്‍ത്ഥികളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്ക് ഇല്ലാത്ത പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പിആര്‍ ഏജന്‍സികള്‍ക്ക് പിന്നില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിച്ച മുഖ്യ ബുദ്ധികേന്ദ്രങ്ങളാണ് ഇരുവരും. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിശ്വസ്തരാണെന്ന പ്രത്യേകതയും രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കുമുണ്ട്. ഇക്കാര്യം പാര്‍ട്ടിക്കുള്ളില്‍ രഹസ്യമായ ചര്‍ച്ചയാണ്. ഇരുവരുടെയും സേവനത്തിന് മുഖ്യമന്ത്രിയുടെ പ്രത്യുപകാരമാണ് രാജ്യസഭാ സീറ്റ് എന്നും മുല്ലപ്പള്ളി പരിഹസിച്ചു.
പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തും പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളെയും കഴിവും കാര്യശേഷിയുമുള്ള മറ്റു ഉന്നത സിപിഎം നേതാക്കളെയും പൂര്‍ണ്ണമായും അവഗണിച്ചാണ് മുഖ്യമന്ത്രി തന്റെ ഇഷ്ടക്കാര്‍ക്ക് രാജ്യസഭ സീറ്റ് നല്‍കിയത്. മനസ്സില്ലാമനസ്സോടെയാണെങ്കിലും മുഖ്യമന്ത്രിയുടെ തീരുമാനം അനുസരിക്കേണ്ട ഗതികേടാണ് സിപിഎം നേതാക്കള്‍ക്കുള്ളത്. മുന്‍നിര നേതാക്കളെയും കഴിവ് തെളിയിച്ച യുവജന വിദ്യാര്‍ത്ഥി നേതാക്കളെയും പരിഗണിക്കാതെയാണ് ജോണ്‍ ബ്രിട്ടാസിനും ശിവദാസിനും രാജ്യസഭാ സീറ്റ് തങ്കത്തളികയില്‍ വെച്ച് മുഖ്യമന്ത്രി സമ്മാനിച്ചത്. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തവരെ വെട്ടിവീഴ്ത്തുന്ന കാഴ്ചയാണ് ഇതിലൂടെ പ്രകടമാകുന്നത്.
രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും കെ കെ രാഗേഷിന് ഒരു അവസരം കൂടി നല്‍കേണ്ടതായിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റിക്കും ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ സിപിഎമ്മിന് ഉള്ളിലും ഘടകകക്ഷികള്‍ക്കിടയിലും ശക്തമായ പ്രതിഷേധമുണ്ട്. ഇത് പുറത്തുകാട്ടാന്‍ ധൈര്യമില്ലെന്ന് മാത്രം. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ മുഖ്യമന്ത്രി കെട്ടിപ്പൊക്കിയ പ്രതിച്ഛായ എന്ന ചീട്ടുക്കൊട്ടാരം തകര്‍ന്നടിയും.അത്തരം ഒരു അവസരം പ്രയോജനപ്പെടുത്താനാണ് സിപിഎമ്മിലെ വിമതപക്ഷം കാത്തിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്നും തുടങ്ങിയ സിപിഎമ്മിലെ വിഭാഗീയതയുടെ തീപ്പൊരി സംസ്ഥാനമാകെ ആളിപ്പടരുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam