എൻഎസ്എസിനെ പിണക്കാതെ സിപിഎം: ജാതി പറഞ്ഞ് വോട്ട് പിടിച്ചെന്ന എൻഎസ്എസ്സിനെതിരായ പരാതിയില്‍ നിന്നും സിപിഎം പിന്നോട്ട്

By Web TeamFirst Published Nov 27, 2019, 1:06 PM IST
Highlights

പ്രധാന പരാതിക്കാരായ സിപിഎം തന്നെ തെളിവില്ലെന്ന് വ്യക്തമാക്കിയതോടെ കേസ് നിലനിൽക്കില്ലെന്ന് കാണിച്ച് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി.

തിരുവനന്തപുരം: വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പിൽ ജാതി പറഞ്ഞ് വോട്ട് പിടിച്ചെന്ന എൻഎസ്എസ്സിനെതിരായ പരാതിയിൽ നിന്നും സിപിഎം പിന്നോട്ട്. പ്രധാന പരാതിക്കാരായ സിപിഎം തന്നെ തെളിവില്ലെന്ന് വ്യക്തമാക്കിയതോടെ കേസ് നിലനിൽക്കില്ലെന്ന് കാണിച്ച് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി.

വട്ടിയൂർകാവ് പിടിച്ചെടുത്തതോടെ ഇനി എൻഎസ്എസിനെ പിണക്കേണ്ടെന്നാണ് സിപിഎം നിലപാട്. സമദൂരവും ശരിദൂരവും വിട്ട് വട്ടിയൂർകാവിൽ യുഡിഎഫിനായി വോട്ട് പിടിക്കാനിറങ്ങിയ എൻഎസ്എസ്സും സിപിഎമ്മും തമ്മിൽ പ്രചാരണകാലത്ത് വൻ പോരായിരുന്നു നടന്നത്. ഇതിന്‍റെ തുടർച്ചയായാണ് എൻഎസ്എസിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നത്.

എൻഎസ്എസ് നേതൃത്വത്തിനെതിരെ തെര. കമ്മീഷന് സിപിഎമ്മിന്റെ പരാതി, സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് കോടിയേരി

നായർ സമുദായ അംഗമായ യുഡിഎഫ് സ്ഥാനാർത്ഥിക്കായി ജാതി പറഞ്ഞ് എൻഎസ്എസ് വോട്ട് പിടിക്കുന്നുവെന്നായിരുന്നു സിപിഎം പരാതി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പരാതി പൊലീസിന് കൈമാറി. എന്നാൽ ഫലം അനുകൂലമായതോടെ സിപിഎം പിന്നോട്ട് പോയി. പരാതി നൽകിയ സിപിഎം ജില്ലാ കമ്മിറ്റി അംഗം കെസി വിക്രമൻ തെളിവുകളില്ലെന്നാണ് പൊലീസിന് മൊഴി നൽകിയത്

സിപിഎമ്മിനൊപ്പം പരാതി നൽകിയ സമസ്ത കേരള നായർ സമാജവും തെളിവുകളൊന്നും ഹാജരാക്കിയില്ല. കലക്ടറുടെ റിപ്പോ‍ർട്ട് കൂടി കിട്ടിയ ശേഷം പരാതിയിൽ അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതിക്കാർ പിന്നോട്ട് പോയതോടെ പരാതികൾ തള്ളി എൻഎസ്എസ്സിന് ക്ലീൻ ചിറ്റ് നൽകുമെന്ന് ഉറപ്പാണ്. 

click me!