
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഫ്ലക്സ് വിവാദം ഉണ്ടായ പാലക്കാട് നഗരസഭയിൽ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും. ദേശീയ പതാകയും മുദ്രാവാക്യങ്ങളുമായി സിപിഎമ്മും നഗരസഭക്ക് പുറത്ത് ജയ്ശ്രീറാം വിളികളുമായി ബിജെപിയും രംഗത്തെത്തിയതോടെയാണ് പ്രതിഷേധം ഉണ്ടായത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിജെപി അംഗങ്ങൾ പുറത്തിറങ്ങിയ ശേഷം നഗരസഭക്ക് അകത്ത് സിപിഎം അംഗങ്ങൾ ദേശീയ പതാക ഉയര്‍ത്താൻ ശ്രമിച്ചു. എന്നാൽ നഗരസഭക്ക് അകത്ത് ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ ആകില്ലെന്ന് പൊലീസ് പറഞ്ഞതോടെ ദേശീയ പതാകയുമായി നഗരസഭക്ക് പുറത്തേക്കിറങ്ങിയ ഇടത് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. ഇതിനെ ജയ് ശ്രീറാം വിളികളോടെ ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും നേരിട്ടതോടെ സംഘര്‍ഷ സാധ്യതയായി. പൊലീസ് വളരെ അധികം ജാഗ്രതയെടുത്താണ് സംഘര്‍ഷ സാധ്യത ഒഴിവാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പാലക്കാട് നഗരസഭയിൽ ഏര്‍പ്പെടുത്തിയിരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിലേക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപി വിജയാഹ്ലാദത്തിനിടെ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയതാണ് വിവാദമായത്. കൗൺസിലർമാർ ഉൾപ്പെട്ട സംഭവത്തിൽ പൊലീസ് ഇതുവരെയും ആരെയും പ്രതിചേർത്തിട്ടില്ല. സംഭവ സ്ഥലത്തുണ്ടായിരുന്ന സ്ഥാനാർത്ഥികളേയും കൗണ്ടിങ് ഏജന്റുമാരെയും തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്. റിട്ടേണിങ് ഓഫീസറുടെ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നാണ് ടൗൺ സൗത്ത് പൊലീസിൻ്റെ പ്രതീക്ഷ. തുടർന്നാവും കേസിൽ പ്രതി ചേർക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam