
കോഴിക്കോട്: പിഎസ്‍സി കോഴ ആരോപണം നിഷേധിച്ച് ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. ആരോടും ഒരു പൈസയും വാങ്ങിയിട്ടില്ലെന്ന് പ്രമോദ് കോട്ടൂളി മാധ്യമങ്ങളോട് പറഞ്ഞു. 2021ലെ ലോൺ അടക്കാൻ കഴിയാതെ ജപ്തിയിൽ നിൽക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. സാമ്പത്തിക ക്രമക്കേട് കാണിക്കുന്ന ആളല്ല താൻ. അതിന് മാത്രം വലിയ നേതാവുമല്ല. പരാതി പാർട്ടി എല്ലാം പരിശോധിക്കട്ടെയെന്നും പ്രമോദ് കോട്ടൂളി പ്രതികരിച്ചു. ആരോപണം വരുമ്പോൾ വിശദീകരണം ചോദിക്കുക എന്നത് പാർട്ടിയുടെ ഉത്തരവാദിത്തമാണ്. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്നൊക്കെ പാർട്ടി പരിശോധിക്കട്ടെെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ജില്ലാ സെക്രട്ടറിയും കോഴ ആരോപണം നിഷേധിച്ച് രംഗത്തെത്തി. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമായിരുന്നു എല്ലാം വെറും കോലാഹലം മാത്രമെന്ന് പി മോഹനൻ പ്രതികരിച്ചത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയ വിഷയം അറിഞ്ഞിട്ടേ ഇല്ലാ എന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. പാർട്ടി സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് മോഹനന്റെ വിചിത്ര നിലപാട്. ആരോപണങ്ങളുയരുമ്പോൾ ആദ്യം നിഷേധിക്കുന്ന സിപിഎമ്മിന്റെ പതിവ് ശൈലിയാണ് മോഹനൻ ആവർത്തിച്ചത്. അതേസമയം നടപടിക്ക് മുന്നോടിയായി ഏരിയാ കമ്മറ്റിയംഗം പ്രമോദ് കോട്ടൂളിയോട് വിശദീകരണം ചോദിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് നടപടി തുടങ്ങിയിട്ടുമുണ്ട്. ഒത്തുത്തീർപ്പ് നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ജിലാ സെക്രട്ടറിയുടെ വിവാദം തണുപ്പിക്കാനുള്ള ശ്രമമെന്ന് സൂചനയുണ്ട്.
അതേസമയം, പരാതിക്കാരായ ദമ്പതികളെ കണ്ട് പൊലീസ് കാര്യങ്ങൾ അന്വേഷിച്ചു. പരാതി എഴുതി നൽകാൻ ഇവർ തയ്യാറാകാത്തതിനാൽ എഫ്ഐആർ നടപടികളിലേക്ക് പൊലീസ് നീങ്ങിയിട്ടില്ല. ഇതിനിടെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. വാദികളുടെയോ പ്രതികളുടെയും കാര്യം പറയാതെ തട്ടിക്കൂട്ട് പരാതിയാണ് യൂത്ത് കോൺഗ്രസ് നൽകിയത്. ആരോപണവിധേയൻ അംഗമായ ടൗൺ ഏരിയാ കമ്മറ്റിയും ചേർന്നു. ആരോപണങ്ങൾ നിഷേധിക്കുകയാണ് പ്രമോദ് കോട്ടൂളിയും.