സിപിഎം വിചാരിച്ചാൽ കേരളത്തിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാം: മുല്ലപ്പള്ളി രാമചന്ദ്രൻ

By Web TeamFirst Published Sep 3, 2020, 11:28 AM IST
Highlights

ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. നാർകോട്ടിക് കേസിലെ പ്രതിയുമായി ബന്ധപ്പെട്ടെന്ന് സമ്മതിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തെ സിപിഎം വീണു കിട്ടിയ അവസരമായി ഉപയോഗിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. അക്രമം കോൺഗ്രസ് നയമല്ലെന്നും മുല്ലപ്പള്ളി ആവർത്തിച്ചു. 

നേതാക്കൾ പ്രകോപനപരമായ പ്രസ്താവന നടത്തുകയാണെന്ന് പറഞ്ഞ മുല്ലപ്പള്ളി കൊലപാതകത്തെ അപലപിക്കുകയാണെന്നും പറഞ്ഞു. വെഞ്ഞാറമൂട് കൊലപാതകത്തിൽ ആറ്റിങ്ങൽ ഡിവൈഎസ് പി യുടെ പ്രതികരണം കേൾക്കണമെന്ന് പറഞ്ഞ മുല്ലപ്പള്ളി പെരിയ കൊലപാതകം സിപിഎം നടത്തിയതിൻ്റെ തെളിവാണ് ഇന്നലെ കോടിയേരി എറണാകുളത്ത് നടത്തിയ പ്രതികരണത്തിൽ നിന്ന് മനസ്സിലാവുന്നതെന്നും അവകാശപ്പെട്ടു. 

സിപിഎം വിചാരിച്ചാൽ കേരളത്തിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാമെന്ന് പറഞ്ഞ മുല്ലപ്പള്ളി. ആർജജവമുണ്ടെങ്കിൽ ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യത്തെ രാഷ്ട്രീയ കൊലപാതകത്തിന് മലബാറിൽ തുടക്കം കുറിച്ചത് പിണറായിയും കോടിയേരിയുമാണെന്നും കൊലയാളി സംഘമാണ് സിപിഎം എന്നും മുല്ലപ്പള്ളി ആരോപിച്ചു. സമാധാനം തിരികെ കൊണ്ടുവരും വരെ കോൺഗ്രസ് സമരങ്ങൾ തുടരുമെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ ഈ സർക്കാർ അധികാരത്തിൽ വന്നിട്ട് 30 കൊലപാതകം നടന്നുവെന്ന് ചൂണ്ടിക്കാട്ടി.

കണ്ണൂരിനെയും മലബാറിനെയും കൊലക്കളമാക്കിയ പാർട്ടിയാണ് സിപിഎമ്മെന്ന് ആവർത്തിച്ച മുല്ലപ്പള്ളി കൊലപാതക സംഘത്തെ പാലൂട്ടി വളർത്തിയത് സിപിഎമ്മാണെന്ന് ആരോപിച്ചു.

ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. നാർകോട്ടിക് കേസിലെ പ്രതിയുമായി ബന്ധപ്പെട്ടെന്ന് സമ്മതിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. നേതാക്കളുടെ കുടുംബത്തിലെ കുട്ടികളുടെ ജീവിതം കുബേര കുമാരന്മാർക്ക് തുല്യമാണെന്നും എല്ലാവിധ സുഖ സൗകര്യങ്ങളും ഇവർ അനുഭവിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പരിഹസിച്ചു. 

click me!