
തിരുവനന്തപുരം: ജോലി നേടാൻ വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഹാജരാക്കിയ കേസിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കാക്കനാട് ജയിലിൽ എത്തി കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തുക. സ്പെയ്സ് പാർക്കിലെ ജോലിക്കായി സ്വപ്ന വ്യാജ സർട്ടിഫിക്കേറ്റ് ഹാജരാക്കിയെന്നാണ് കേസ്.
സ്പെയസ് പാർക്ക് ഓപ്പറേഷൻ മാനേജർ തസ്തികക്കു വേണ്ടിയാണ് വ്യാജരേഖ നൽകിയത്. പ്രൈസ് വാട്ടർ കൂപ്പർ, വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങളും കേസിൽ പ്രതികളാണ്. ഐടി ജോലിക്കായി സ്വപ്ന വ്യാജ സർട്ടിഫിക്കേറ്റ് ഹാജരാക്കിയെന്ന വിവരം പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസ് ആണ്.
അതിനിടെ, സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സ്വപ്ന സുരേഷിന്‍റെ മൊഴി ചോർന്നത് സംബന്ധിച്ച് കസ്റ്റംസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചിയിലെ പ്രിവന്‍റീവ് കമ്മീഷണർക്കാണ് റിപ്പോർട്ട് നൽകിയത്. മൊഴിയിലെ മൂന്നു പേജുകൾ മാത്രം ചോർന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ എന്നാണ് സൂചന.
കസ്റ്റംസിലെ ഇടത് ആഭിമുഖ്യമുളളവരാണ് ചോർത്തലിന് പിന്നിലെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചിരുന്നു. മാധ്യമപ്രവർത്തകനായ അനിൽ നമ്പ്യാരെക്കുറിച്ചുളള സ്വപ്നയുടെ മൊഴിയിലെ ചില ഭാഗങ്ങൾ കേന്ദ്ര സർക്കാരിനേയും പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനുപിന്നാലെ കസ്റ്റംസ് അസി. കമ്മീഷണർ എൻഎസ് ദേവിനെ അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam