
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ട് തവണയും കൈവിട്ട് പോയ കൊല്ലം പിടിക്കാൻ ഇത്തവണ രണ്ടും കൽപ്പിച്ചാണ് ഇടതുമുന്നണി. എണ്ണം പറഞ്ഞ സ്ഥാനാര്‍ഥിയെ തന്നെ മത്സരത്തിനിറക്കാനാണ് സിപിഎം തീരുമാനം. സിഎസ് സുജാത മുതൽ കെകെ ശൈലജ വരെയുള്ള പ്രമുഖരുടെ നിരതന്നെയുണ്ട് പരിഗണന പട്ടികയിൽ. പരമ്പരാഗത ഇടതുകോട്ടയാണ് കൊല്ലമെങ്കിലും തെരഞ്ഞെടുപ്പ് പാര്‍ലമെന്റിലേക്കെങ്കിൽ പിടിവിട്ട് പോകുന്നതാണ് കൊല്ലത്തെ പതിവ്. പതിറ്റാണ്ടുകൾ നീണ്ട ഇടത് ബന്ധം ഉപേക്ഷിച്ച് ആർഎസ്പി യുഡിഎഫിലേക്ക് ചേക്കേറിയ 2014ൽ കൊല്ലം പിടിക്കാൻ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ തന്നെ ഇറക്കിയതാണ് സിപിഎം. പക്ഷെ കുറിക്കുകൊള്ളുന്ന രണ്ട് വാക്ക് പറയാൻ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി നിന്ന പിണറായി വിജയൻ പിടിവിട്ടു പറഞ്ഞ ആ പ്രയോഗത്തിന്‍റെ ഏറ്റക്കുറച്ചിലുകളിൽ ഊന്നിയാണ് പിന്നെ കൊല്ലത്തെ തെരഞ്ഞെടുപ്പ് കളം.
പരീക്ഷണങ്ങൾക്ക് മുതിര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങളേയും സിപിഎമ്മിന്റെ സംഘടനാ ചിട്ടവട്ടങ്ങളേയും മലര്‍ത്തിയടിച്ച് ഓരോ തവണയും പ്രേമചന്ദ്രൻ ഭൂരിപക്ഷം കൂട്ടി. മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇത്തവണയും എൻകെ പ്രേമചന്ദ്രൻ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. കൊല്ലം അങ്ങനെ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചാണ് സിപിഎം ജില്ലാ കമ്മിറ്റി. പ്രമുഖ സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരത്തിനിറക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വച്ചിട്ടുണ്ട്. സിഎസ് സുജാതയിൽ തുടങ്ങി കെകെ ശൈലജ വരെയുള്ളവരാണ് പ്രഥമ പരിഗണന ലിസ്റ്റിൽ.
Read More... മറുനാടന്‍ മലയാളി ഓഫീസ് റെയ്ഡ്; തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കംപ്യൂട്ടറും പിടിച്ചെടുത്ത് പൊലീസ്
സിനിമാ മേഖലയിൽ നിന്നുള്ള ആളെ പരീക്ഷിച്ചാൽ എം മുകേഷ്, കെബി ഗണേഷ് കുമാറിന്റെ പേര് അന്തരീക്ഷത്തിലുണ്ടെങ്കിലും പാര്‍ട്ടിക്കളത്തിന് പുറത്തെന്ന സാങ്കേതികത്വം ഉണ്ട്. മുസ്ലീം സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാൻ തീരുമാനിച്ചാൽ എം നൗഷാദിനും നറുക്ക് വീണേക്കും. കാര്യമെന്തായാലും ചവറ മുതൽ ചവറവരെ എന്ന് നാഴികക്ക് നാൽപ്പത് വട്ടം സിപിഎം കളിയാക്കുന്ന ആര്‍എസ്പിക്ക് മുന്നിൽ ഇനിയൊരു അടിയറവിന് കഴിയില്ലെന്ന് ഉറപ്പിച്ചാണ് സിപിഎം കരുനീക്കങ്ങൾ.