
ഇടുക്കി: ഭൂമി പ്രശ്നത്തിൽ ഉടക്കി ഇടുക്കിയിൽ വീണ്ടും സിപിഐ സിപിഎം തർക്കം മുറുകുന്നു. ഭൂമി പ്രശ്നങ്ങളിൽ കോൺഗ്രസിനൊപ്പം ചേർന്ന് പാർട്ടിയെ ആക്രമിക്കാൻ സിപിഎം ശ്രമിക്കുകയാണെന്നാണ് സിപിഐ ജില്ല സെക്രട്ടറി ആരോപിച്ചു. പ്രശ്നങ്ങൾക്ക് പിന്നിൽ സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പാണെന്ന് വരുത്തി തീര്‍ക്കാനാണ് സിപിഎമ്മിന്‍റെ ശ്രമമെന്നും അത് വിലപ്പോകില്ലെന്നുമാണ് സിപിഐ നിലപാട്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം തേടി സിപിഐ നടത്തുന്ന പ്രചാരണ ജാഥയ്ക്കിടെയാണ് ജില്ല സെക്രട്ടറി കെകെ ശിവരാമന്‍റെ വിമര്‍ശനം.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ 1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തണമെന്നാണ് സിപിഐ പറയുന്നത്. ഇതിന് മന്ത്രിസഭ അംഗീകാരം നൽകണം. ഇക്കാര്യം റവന്യൂവകുപ്പ് പലവട്ടം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പക്ഷെ നടപ്പായിട്ടില്ലെന്നുമാണ് വാദം.
വസ്തുത ഇങ്ങനെ ആണെന്നിരിക്കെ അറിഞ്ഞിട്ടും ചില സിപിഎം നേതാക്കൾ പാർട്ടിയെ വിമർശിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സിപിഐ പറയുന്നു. ഇടുക്കി ജില്ലയിലെ ഭൂമി പ്രശനങ്ങൾ ചര്‍ച്ച ചെയ്യാൻ ഈ മാസം 17ന് സർക്കാർ തിരുവനന്തപുരത്ത് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിന് മുമ്പെ സിപിഎം നടത്തുന്ന കുപ്രചാരണം ഇടത് മുന്നണിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് കൂടി ലക്ഷ്യമിട്ടാണ് സിപിഐയുടെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam