
കോഴിക്കോട്: സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിൽ ലൈംഗിക പരാതിയുണ്ടോ എന്ന ചോദ്യത്തോട് കാര്യമായി പ്രതികരിക്കാതെ നേതാക്കൾ. കോഴിക്കോടും പത്തനംതിട്ടയിലും ഇടുക്കിയിലും സി പി എം വിശാല ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാനെത്തിയ നേതാക്കളെല്ലാം, വനിതാ പ്രവർത്തകയുടെ പരാതിയുണ്ടോ എന്ന കാര്യം വ്യക്തമാക്കിയില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തയാറായില്ല. അതേസമയം മുതിർന്ന നേതാക്കളായ കെ കെ ശൈലജ, ഇ പി ജയരാജൻ, എം വി ജയരാജൻ, വി എൻ വാസവൻ, തോമസ് ഐസക് എന്നിവരും വിഷയത്തിൽ കൃത്യമായ മറുപടി നൽകിയില്ല. പാലക്കാട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പത്തനംതിട്ടയിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രതികരിച്ചത്. പാലക്കാട് വിഷയത്തിൽ ശക്തമായ ന്യായീകരണമാണ് ഇ പി ജയരാജൻ നടത്തിയത്. പാലക്കാട് സംഘടനാപരമായ നടപടിയാണ് എടുത്തതെന്നും കാര്യങ്ങൾ യഥാസമയം വിശദീകരിച്ചിട്ടും മാധ്യമങ്ങൾ ഇല്ലാത്ത കഥകൾ മെനയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സംഭവത്തെ സി പി എമ്മിനെ ആക്രമിക്കാനുള്ള അവസരമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും ഇ പി അഭിപ്രായപ്പെട്ടു.
അതേസമയം കാര്യങ്ങൾ വ്യക്തമായി പഠിക്കാതെ ഊഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്നാണ് കെ കെ ശൈലജ പറഞ്ഞത്. പാലക്കാട്ടെ പരാതിയെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ജില്ലാതലത്തിലുള്ള വിഷയങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയാൽ മാത്രമേ തങ്ങൾ അറിയുകയുള്ളൂവെന്നും അവർ പറഞ്ഞു. പാർട്ടി കോടതിയല്ലെന്നും എന്നാൽ ചെറിയ തെറ്റുകളിൽ പോലും കർശന നടപടിയെടുക്കുന്ന പാരമ്പര്യമാണ് പാർട്ടിക്കുള്ളതെന്നും ശൈലജ ചൂണ്ടിക്കാട്ടി. കേസ് പൊലീസിന് കൈമാറേണ്ടതല്ലേ എന്ന ചോദ്യത്തിന് പരാതിക്കാരി തന്നെ പോലീസിനെ സമീപിക്കേണ്ടതല്ലേ എന്നായിരുന്നു ശൈലജയുടെ മറുപടി. സുരേഷ് ബാബുവിനെതിരെ കോൺഗ്രസ് നടത്തുന്ന പൂവൻകോഴി പ്രതിഷേധം അവരുടെ അവകാശമാണെന്നും അവർ കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ തങ്ങൾ ചാടി കയറി അഭിപ്രായം പറഞ്ഞിട്ടില്ലെന്നും പാർട്ടി കാര്യങ്ങൾ പഠിച്ച് തീരുമാനം എടുക്കുമെന്നും ശൈലജ വിവരിച്ചു.
കടുത്ത അച്ചടക്ക നടപടി വരും?
അതേസമയം ഇഎൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത അച്ചടക്ക നടപടി എടുക്കാൻ സി പി എം ഒരുങ്ങുന്നു എന്നാണ് സൂചന. യുവതിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിൽ സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. ഏപ്രിലിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കുവാൻ വനിത അഭിഭാഷക പാലക്കാട് സി പി എം ജില്ല കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ സുരേഷ് ബാബു ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി. ഒരു വർഷത്തോളമായി ഫോണിലും പുറത്തും ശല്യപ്പെടുത്തൽ തുടർന്നതോടെ ആണ് ഡിജിറ്റൽ തെളിവ് സഹിതം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് യുവതി പരാതി നൽകിയത്. തുടക്കത്തിൽ പ്രശ്‌നം ഒതുക്കി തീർക്കാൻ ശ്രമം ഉണ്ടായെങ്കിലും പൊലീസിൽ പരാതി നൽകുമെന്ന് യുവതി നിലപാട് കടുപ്പിച്ചു. ഇതോടെ പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ നീക്കിയതെന്നാണ് വിവരം. ദിവസങ്ങൾക്ക് മുമ്പ് സുരേഷ് ബാബുവിനെ പിണറായി വിജയൻ കോഴിക്കോട്ടേക്ക് നേരിട്ട് വിളിച്ചു വരുത്തി. പരാതി വായിച്ചു കേൾപ്പിച്ചപ്പോൾ സുരേഷ് ബാബു നിഷേധിച്ചു. അപ്പോഴാണ് വാട്സ് ആപ് വീഡിയോ കോളിലൂടെ നടത്തിയ അശ്ലീല ദൃശ്യങ്ങൾ സുരേഷ് ബാബുവിനെ കാണിച്ചത്. പിന്നാലെ സുരേഷ് ബാബുവിനോട് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ പിണറായി ആവശ്യപ്പെട്ടു. എന്നാൽ ലൈംഗിക പരാതിയുടെ പേരിൽ മാറ്റിയെന്ന് പുറത്തു വരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടെന്നാണ് വിവരം. അതേസമയം സി പി എം ജില്ല കമ്മിറ്റി ഓഫീസിൽ വച്ചാണ് പരാതിക്കിടയാക്കിയ സംഭവം എന്നത് പരാതിയുടെ ഗൗരവം കൂട്ടുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കടുത്ത നടപടിയെടുക്കാതെ മുന്നോട്ടു പോയാൽ പി കെ ശശിയുടെ വിഷയത്തിൽ ഉണ്ടായതു പോലെ പാർട്ടിയ്ക്ക് വലിയ അവമതിപ്പ് ഉണ്ടാകുമെന്ന അഭിപ്രയം മുതിർന്ന നേതാക്കൾക്കുണ്ട് . പി ശശിയ്ക്കും ഗോപി കോട്ടമുറിയ്ക്കലിനുമെതിരെ സമാനമായ പരാതി വന്നപ്പോൾ എടുത്ത നടപടി സുരേഷ് ബാബുവിനെതിരെയും ഉണ്ടാകണം എന്ന് ഒരു വിഭാഗം ശക്തമായി വാദിക്കുന്നുണ്ട്. വിപുലീകൃത ജില്ല കമ്മിറ്റികൾക്ക് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam