ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് മലപ്പുറത്ത് 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മെർക്കുറി അടങ്ങിയ ക്രീമുകളുടെ വിൽപ്പന തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസും ബാലാവകാശ കമ്മിഷനും അടിയന്തരമായി ഇടപെട്ടിട്ടുണ്ട്.
മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇടപെട്ട് അരീക്കോട് പൊലീസ്. പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടി ഉപയോഗിച്ച ക്രീമിന്റെ സാമ്പിൾ നാളെ പരിശോധനയ്ക്ക് അയക്കും. കേസെടുക്കുന്നതടക്കമുള്ള നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും ബാലാവകാശ കമ്മിഷൻ നടപടിയും
മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനെസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് അടിയന്തരമായി ഇടപെട്ടിരുന്നു. മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപ്പന തടയാനും പരിശോധനകൾക്കായി എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്നുമുള്ള ആവശ്യം പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും പരിശോധന.
അതേസമയം, സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഓൺലൈനായി വാങ്ങിയ ക്രീം ഒരു വർഷത്തോളം ഉപയോഗിച്ചെന്നും ശാരീരിക അസ്വസ്ഥതകൾ കാരണം ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ശരീരത്തിലെ മെർക്കുറിയുടെ അളവ് അപകടകരമായ വിധത്തിൽ ഉയർന്നതായി കണ്ടെത്തിയെന്നും കുട്ടി പറയുന്നു. ലബോറട്ടറിയിൽ പരിശോധന നടത്തിയപ്പോൾ ഫെയർനെസ് ക്രീമിൽ മെർക്കുറിയുടെ അളവ് വളരെ കൂടുതലാണെന്നും ഇതുപയോഗിച്ചതാണ് കടുത്ത വൃക്ക രോഗത്തിലേക്ക് നയിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, ഡ്രഗ്സ് കൺട്രോളർ, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി, ആശുപത്രി സൂപ്രണ്ട് എന്നിവരിൽ നിന്ന് ബാലാവകാശ സംരക്ഷണ കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
















