
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തെ അവഗണിച്ച് നേരിടാനൊരുങ്ങി സിപിഎം. വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നാണ് പാർട്ടിയിലെ ധാരണ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറിയതും ഈ തീരുമാനത്തെ തുടർന്നാണ്. സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി വിവാദത്തെ കുറിച്ച് വിശദീകരിച്ചിട്ടില്ല.
കൈപ്പറ്റിയ കാശിന്‍റെ വിശദാംശങ്ങൾ രേഖകൾ സഹിതം പുറത്ത് വന്നിട്ടും മാസപ്പടിയിൽ അഴിമതിയില്ലെന്ന നിലപാടിലാണ് സിപിഎം. കേന്ദ്രകമ്മിറ്റി യോഗങ്ങളുടെ റിപ്പോര്‍ട്ടിംഗിനൊപ്പം രാഷ്ട്രീയ സ്ഥിതിയും സമീപകാല വിവാദങ്ങളും ചര്‍ച്ചയാകുമെന്ന് കരുതിയ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷമാണ് എം വി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്. എകെജി സെന്‍ററിൽ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളെ കുറിച്ചു പുതുപ്പള്ളി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചും ഗോവിന്ദൻ വിശദമായി സംസാരിച്ചു. ചോദ്യം മാസപ്പടിയിലെത്തിയപ്പോൾ എല്ലാം പറഞ്ഞ് കഴിഞ്ഞെന്നും ഇനിയൊന്നും പറയാനില്ലെന്നും നിലപാടെടുത്ത് ഗോവിന്ദൻ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
നേതൃയോഗങ്ങളിലും മാസപ്പടി ചര്‍ച്ചയായില്ലെന്നാണ് സൂചന. വീണ വിജയന്‍റെ കൺസൾട്ടൻസി സ്ഥാപനം കരിമണൽ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ നിയമപരമെന്നും ഇടപാട് സുതാര്യമെന്നും കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വരെയുള്ളവര്‍ നിലപാടെടുത്തിരുന്നു. വീണ വിജയന് പ്രതിരോധം തീര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയും ഇറക്കി. മറ്റ് നേതാക്കളുടെ മക്കൾക്ക് കിട്ടാത്ത പരിഗണനയാണെന്നും വിവാദം അടക്കാൻ പ്രതിപക്ഷവുമായി ധാരണയുണ്ടാക്കിയെന്നുമുള്ള ആക്ഷേപങ്ങൾ സിപിഎം നേതൃത്വത്തിനെതിരെ ഇതിനകം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. നയവ്യതിയാനങ്ങൾക്കെതിരെ തെറ്റുതിരുത്തൽ നടപടികൾ മുഖം നോക്കാതെ നടക്കണമെന്ന് നിര്‍ബന്ധമുള്ള എം വി ഗോവിന്ദന്‍റെ നിലപാടും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. മുഖ്യമന്ത്രിയും വീണയും മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദം കത്തുമ്പോഴും മൗനത്തിലാണ്.