പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ഇടപെടണം; സിപിഎം സമ്മേളനത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം

Published : Jan 01, 2022, 11:36 AM ISTUpdated : Jan 01, 2022, 12:26 PM IST
പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ഇടപെടണം; സിപിഎം സമ്മേളനത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം

Synopsis

എംഎൽഎ ആയിട്ട് കൂടി തനിക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി നിഷേധിക്കപ്പെട്ടെന്ന് മുൻ എം എൽ എ അയിഷ പോറ്റി പറഞ്ഞു.

കൊല്ലം: കേരളാ പൊലീസിനെതിരെ (Kerala Police) സിപിഎം (CPM) കൊല്ലം ജില്ലാ സമ്മേളനത്തിലും രൂക്ഷ വിമർശനം. പാർട്ടി പ്രവർത്തകർക്ക് പോലും പൊലീസിൽ നിന്ന് നീതി കിട്ടുന്നില്ലെന്ന് ഭൂരിഭാഗം സമ്മേളന പ്രതിനിധികളും കുറ്റപ്പെടുത്തി. പാർട്ടിയുടെ ചൈന നയത്തെ പ്രതിനിധികൾ ഒന്നടങ്കം തള്ളിയതും സമീപകാല സിപിഎം രാഷ്ട്രീയത്തിലെ കൗതുകകരമായ പ്രത്യയ ശാസ്ത്ര ചർച്ചയായി.

സംസ്ഥാനത്തെ പൊലീസ് പോര എന്നാണ് വിമര്‍ശനം. പ്രാദേശിക പാർട്ടി നേതാക്കൾക്ക് പൊലീസ് സ്റ്റേഷനുകളിൽ കയറാൻ കഴിയുന്നില്ല. പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ പാർട്ടി ഇടപെടണം എന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. എംഎൽഎ ആയിട്ട് കൂടി തനിക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി നിഷേധിക്കപ്പെട്ടെന്ന മുൻ എംഎൽഎ അയിഷ പോറ്റിയുടെ വിമർശനവും ആഭ്യന്തര വകുപ്പിലുള്ള സിപിഎം പ്രവർത്തകരുടെ അവിശ്വാസത്തിന്റെ തെളിവായി.

സമ്മേളനത്തില്‍ ചൈനയുടെ നിലപാടുകളെയും സിപിഎം ജില്ലാ സമ്മേളന പ്രതിനിധികൾ വിമർശിച്ചു. ചൈന കമ്മ്യൂണിസ്റ്റ് രാജ്യമല്ല. അവർ പിന്തുടരുന്നത് മുതലാളിത്തവും ജനാധിപത്യ വിരുദ്ധതയുമാണ്. ചൈനയുടെ ഉയർച്ച ഇന്ത്യയിലെ പാർട്ടി അഭിമാനമായി കാണേണ്ടതില്ല. സി പി എം നേതൃത്വത്തിന് ചൈന മധുര മനോജ്ഞമെങ്കിലും കൊല്ലം ജില്ലാ സമ്മേളന പ്രതിനിധികൾ ഒന്നടങ്കം ചൈനയെ വിമർശിച്ചത് സിപിഎമ്മിലെ പുതിയ കാലത്തെ കൗതുകകരമായ പ്രത്യയ ശാസ്ത്ര ചർച്ചയായി.

തുടർഭരണത്തിൽ അഹങ്കരിക്കരുതെന്നും നേതാക്കൾക്ക് മസിലു പിടുത്തം വേണ്ടെന്നും ജില്ലാ നേതാക്കളോട് താക്കീതിന്റെ സ്വരത്തിലാണ് പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞത്. കെ റെയിൽ വിമർശനം തടയാൻ പൊതു ചർച്ചയ്ക്കും മുമ്പേ കെ റെയിൽ അനുകൂല പ്രമേയം പാസാക്കിയ പാർട്ടി ബുദ്ധിയാണ് കൊല്ലം സമ്മേളനത്തിന്റെ ഹൈ ലൈറ്റ്.

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ