
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ അറസ്റ്റിലായതിന് പിന്നാലെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ എ പത്മകുമാറിനെതിരായ നടപടിയിൽ സി പി എമ്മിൽ രണ്ട് അഭിപ്രായം. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്ന മുറക്ക് നടപടികളിലേക്ക് പോകാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനമാണെങ്കിലും പത്മകുമാര്‍ വിഷയവും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ട് പങ്കെടുക്കുന്ന യോഗമായതിനാൽ തന്നെ പത്മകുമാറിനെതിരായ നടപടിയുടെ കാര്യത്തിൽ നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് നിർണായകമാണ്.
തെരഞ്ഞെടുപ്പ് കാലത്ത് സമാനതകളില്ലാത്ത പ്രതിരോധമാണ് സി പി എമ്മിന് ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് സൃഷ്ടിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവും ഒരുകാലത്ത് കടുത്ത പിണറായി പക്ഷപാതിയുമായിരുന്ന എ പത്മകുമാര്‍ റിമാന്‍റിലാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ തലപ്പത്തിരിക്കെ അനധികൃത ഇടപെടലുകളുടെ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്‍റെ ഭാഗമായി പുറത്ത് വരുന്നുമുണ്ട്. പാര്‍ട്ടി നടപടി ഉറപ്പാണെന്ന് സി പി എം സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും അത് വൈകുന്നതെന്തിനെന്നാണ് ഉയരുന്ന ഒരു ചോദ്യം. യുവതീ പ്രവേശന വിവാദത്തിൽ എതിര്‍ നിലപാടിലായിരുന്ന പത്മകുമാര്‍ നിലവിൽ പാര്‍ട്ടിക്ക് അനഭിമതനാണ്. പത്തനംതിട്ടയിലെ പ്രാദേശിക വിഷയങ്ങൾ കൂടി മുൻനിര്‍ത്തി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് തരംതാഴ്ത്തി നിലവിൽ ജില്ലാ കമ്മിറ്റി അംഗമായാണ് പത്മകുമാർ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ വിവാദത്തിലാക്കിയ വിവാദത്തിൽ നടപടി വേഗത്തിലാക്കണമെന്ന അഭിപ്രായം പത്തനംതിട്ട പാര്‍ട്ടിയിൽ ഒരു വിഭാഗത്തിന് ഉണ്ട്. അതേ സമയം തിടുക്കപ്പെട്ട നടപടി ഗുണം ചെയ്യില്ലെന്ന പക്ഷം സംസ്ഥാന നേതൃനിരയിൽ ചിലര്‍ പരസ്യമായി പങ്കുവച്ചിട്ടുമുണ്ട്.
കേസിൽ കുടുങ്ങിയവരായാലും കുറ്റാരോപിതരുടെ നിരയിലുള്ളവരായാലും പാര്‍ട്ടിയുെട കൈകൾ ശുദ്ധമെന്നും കുറ്റം തെളിഞ്ഞാൽ നടപടി ഉറപ്പെന്നുമാണ് സി പി എം സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുന്നത്. അതേ സമയം എതിരാളികൾ പത്മകുമാറിന്‍റെ അറസ്റ്റ് വലിയ രാഷ്ട്രീയ പ്രചാരണമാക്കുന്നത് തിരിച്ചടിയാണെന്ന അഭിപ്രായവും സി പി എമ്മിൽ ശക്തമാണ്. അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് എസ് ഐ ടി അപേക്ഷ നൽകും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.