'റസാഖിന്‍റെ മരണത്തിന് കാരണം യുഡിഎഫ്'; പാര്‍ട്ടിക്ക് കുറ്റബോധമില്ലെന്നും സിപിഎം ലോക്കൽ സെക്രട്ടറി

By Web TeamFirst Published May 31, 2023, 5:49 PM IST
Highlights

റസാഖിന്‍റെ മരണവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാനാണ് പ്ലാസ്റ്റിക് സംസ്കരണ ഫാക്ടറിക്കെതിരെ ഇപ്പോൾ സമരത്തിന് ഇറങ്ങിയതെന്നും സിപിഎം വിശദീകരിക്കുന്നു. യുഡിഎഫാണ് റസാഖിന്റെ മരണത്തിന് കാരണമെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.

മലപ്പുറം: മലപ്പുറത്തെ സാംസ്കാരിക പ്രവർത്തകൻ റസാഖ് പയബ്രോട്ടിന്‍റെ മരണത്തിൽ പാർട്ടിക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്ന് സിപിഎം ലോക്കൽ സെക്രട്ടറി ടി പി നജ്മുദ്ദീൻ. റസാഖിന്‍റെ മരണവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാനാണ് പ്ലാസ്റ്റിക് സംസ്കരണ ഫാക്ടറിക്കെതിരെ ഇപ്പോൾ സമരത്തിന് ഇറങ്ങിയതെന്നും സിപിഎം വിശദീകരിക്കുന്നു. യുഡിഎഫാണ് റസാഖിന്റെ മരണത്തിന് കാരണമെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.

ഫാക്ട്ടറിക്ക് അനുമതി കൊടുത്തത് പഞ്ചായത്തിലെ കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയാണ്. ഇപ്പോൾ യുഡിഎഫ് നടത്തുന്നത് കാട്ടികൂട്ടൽ സമരമാണെന്നും സിപിഎം വിമര്‍ശിച്ചു. സിപിഎം ഭരണം വന്നാൽ എന്തും നടക്കുമെന്നായിരുന്നു റസാഖ് കരുതിയത്. എന്നാൽ ഫാക്ടറി പൂട്ടിക്കാൻ നിയമം അനുകൂലമായിരുന്നില്ല. ജനകീയ സമരത്തിലേക്ക് നീങ്ങാൻ പാർട്ടി ആവശ്യപ്പെട്ടെങ്കിലും റസാഖ്‌ അതിലേക്ക് നീങ്ങിയില്ലെന്നും സിപിഎം ലോക്കൽ സെക്രട്ടറി ടി പി നജ്മുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇരകൾ തയ്യാറാകാത്തത് കൊണ്ടാണ് അന്ന് സി പി എം സമരം സംഘടിപ്പിക്കാഞ്ഞത്. റസാഖിന്റെ മരണത്തോടെ സാഹചര്യം മാറി. അതാണ് ഇപ്പോൾ ഫാക്ടറിക് മുമ്പിൽ കൊടി കുത്തി സമരത്തിനിറങ്ങുന്നത്. ഇനി ആ ഫാക്ടറി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ടി പി നജ്മുദ്ദീൻ പറഞ്ഞു. റസാഖ്‌ ഇങ്ങനെ മരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും റസാഖിനെ വിഷമിപ്പിക്കുന്ന തരത്തിൽ പെരുമാറിയിട്ടില്ലെന്നും  ടി പി നജ്മുദ്ദീൻ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!