CPM Idukki : സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കം; അവസാന നിമിഷം നിലപാട് മാറ്റി രാജേന്ദ്രന്‍, എത്തിയില്ല

By Web TeamFirst Published Jan 3, 2022, 12:57 PM IST
Highlights

ഇന്നലെ രാത്രി വരെ സമ്മേളനത്തിനെത്തുമെന്ന് പറഞ്ഞിരുന്ന മുൻ ദേവികുളം എംഎൽഎ രാജേന്ദ്രൻ അവസാന നിമിഷം നിലപാട് മാറ്റി. 

ഇടുക്കി: സിപിഎം ഇടുക്കി (CPM Idukki) ജില്ലാ സമ്മേളനത്തിന് കുമളിയിൽ തുടക്കമായി. രക്തസാക്ഷി അഭിമന്യുവിന്‍റെ പേരിലുള്ള വേദിയിൽ പതാക ഉയര്‍ത്തിയാണ് ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരിയാണ് (K P Mary) പതാക ഉയര്‍ത്തിയത്. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ ഉദ്ഘാടനം ചെയ്തു. ഇന്നലെ രാത്രി വരെ സമ്മേളനത്തിനെത്തുമെന്ന് പറഞ്ഞിരുന്ന മുൻ ദേവികുളം എംഎൽഎ രാജേന്ദ്രൻ അവസാന നിമിഷം നിലപാട് മാറ്റി. 

അച്ചടക്ക നടപടിയിൽ ഇളവെന്ന അപേക്ഷയോട് സംസ്ഥാനനേതൃത്വം മുഖം തിരിച്ചതോടെയാണ്  രാജേന്ദ്രന്‍റെ തീരുമാനം. പ്രവര്‍ത്തന റിപ്പോര്‍ട്ടിലും ചര്‍ച്ചകളിലും രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായേക്കും. രാജേന്ദ്രനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുമോയെന്ന കാര്യത്തിൽ സമ്മേളനത്തിൽ തന്നെ തീരുമാനമുണ്ടാകും. ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങളിൽ നിന്ന് വിട്ട് നിന്നതിന് വിമര്‍ശനവും നടപടിയും ​നേരിട്ട എസ് രാജേന്ദ്രൻ ഇടുക്കി ജില്ലാ സമ്മേളനത്തിലും പങ്കെടുക്കുമെന്നായിരുന്നു ഇന്നലെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റിയിരിക്കുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രാജേന്ദ്രനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി ശുപാര്‍‍ശ നല്‍കിയിരുന്നു. ഇത്തവണ സീറ്റ് കിട്ടാതിരുന്ന രാജേന്ദ്രൻ പ്രചാരണങ്ങളിൽ സജീവമായിരുന്നില്ലെന്ന് മാത്രമല്ല സ്ഥാനാര്‍ത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തൽ. രണ്ടംഗ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ എസ് രാജേന്ദ്രനെ പാര്‍ട്ടിയിൽനിന്ന് പുറത്താക്കാൻ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ശുപാര്‍ശ ചെയ്തു. ദേവികുളം തെരഞ്ഞെടുപ്പിലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കാൾ രാജേന്ദ്രൻ സമ്മേളനങ്ങളിൽ പങ്കെടുക്കാതിരുന്നതാണ് ജില്ലാ നേതൃത്വത്തെ കൂടുതൽ ചൊടിപ്പിച്ചത്. സമ്മേളനങ്ങളിലെല്ലാം രാജേന്ദ്രനെതിരെ എം എം മണി തുറന്നടിച്ചതെല്ലാം നടപടി ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലായിരുന്നു.
 

click me!