
ഇടുക്കി: കെപിസിസി (Kpcc) പ്രസിഡന്റ് കെ സുധാകരനെതിരെ (K Sudhakaran) ഭീഷണി പ്രസംഗം നടത്തിയതിനെ ന്യായീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി(cpm idukki secretary) സി വി വർഗീസ്(cv varghese). ''സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ട്'' മാത്രമാണതെന്നുമുള്ള പരാമർശം പ്രകോപനമല്ലെന്നും സുധാകരനുള്ള മറുപടി മത്രമാണെന്നുമാണ് സി വി വർഗീസിന്റെ വിശദീകരണം.
''ധീരജ് കേസിലെ കോൺഗ്രസ് പ്രവർത്തകരായ പ്രതികൾ നിരപരാധികളാണെന്നും ധീരജ് മരണം ഇരന്നുവാങ്ങിയതാണെന്നും സുധാകരൻ പറഞ്ഞു. പ്രതികളെ ജയിലിൽ നിന്നിറക്കി ഇടുക്കിയിലൂടെ നടത്തുമെന്നും പറഞ്ഞു. സുധാകരൻ ഇടുക്കിയിൽ വന്ന് പറഞ്ഞതിനുള്ള മറുപടിയാണ് ഞാൻ പറഞ്ഞത്. അത്തരം പരമാർശം നടത്തേണ്ടിയിരുന്നോ എന്ന് സുധാകരനാണ് പറയേണ്ടത്''. സന്ദർഭത്തിന് അനുസരിച്ചുള്ള ഒരു മറുപടിയാണ് നൽകിയതെന്നും ഏറ്റവും മാന്യമായി സത്യം പറഞ്ഞതാണെന്നും വർഗീസ് വിശദീകരിക്കുന്നു. പരാമർശം വിവാദമായതോടെയാണ് സി വി വർഗീസിന്റെ വിശദീകരണം.
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ വിവാദ പരാമർശം. സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണെന്നുമാണ് സി വി വർഗീസ് ഇടുക്കിയിൽ പ്രസംഗിച്ചത്.
''സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണം. പ്രിയപ്പെട്ട കോൺഗ്രസ് നേതാവ് പറയുന്നത് കണ്ണൂരിലേതാണ്ട് നടത്തിയെന്നാണ്. ഇടുക്കിയിലെ കോൺഗ്രസുകാരാ നിങ്ങൾ കരുതിക്കോ. സുധാകരൻ എന്നാ ഭിക്ഷാംദേഹിക്ക് ഞങ്ങൾ സിപിഎം കൊടുക്കുന്ന ധാനമാണ്, ഭിക്ഷയാണ് സുധാകരന്റെ ജീവിതം. ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. ഇത്രയും നാറിയ നിലപാട് സ്വീകരിക്കാൻ പാടുണ്ടോ എന്നായിരുന്നു വർഗീസിന്റെ പരാമർശം.
നിഖില്‍ പൈലിയെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍
തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ വധക്കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലിയെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്‍റെ കുട്ടികൾ ജയിലിൽ കിടക്കുകയാണ്. എന്താണ് അവർ ചെയ്ത കുറ്റം. നിഖിൽ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണ്. സാക്ഷിയില്ലാത്ത കേസ് നിലനിൽക്കുമോയെന്നും സുധാകരൻ ചോദിച്ചു.