സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതം. അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണെന്നുമാണ് സി വി വർഗീസ് ഇടുക്കിയിൽ പ്രസംഗിച്ചത്.
തിരുവനന്തപുരം: കെപിസിസി (Kpcc) പ്രസിഡന്റ് കെ സുധാകരനെതിരെ പ്രകോപന പരാമർശവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് (cpm idukki secretary cv varghese). സുധാകരന് (k sudhakaran) സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണെന്നുമാണ് സി വി വർഗീസ് ഇടുക്കിയിൽ പ്രസംഗിച്ചത്. 'സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഎം നേതാവ് ഓർമ്മിപ്പിക്കുന്നു. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ആയിരുന്നു വിവാദ പരാമർശം.
ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാർത്ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് സുധാകരന്‍ പല തവണ രംഗത്തെത്തിയിരുന്നു. നിഖിൽ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണ്. സാക്ഷിയില്ലാത്ത കേസ് നിലനിൽക്കുമോ തുടങ്ങിയ പരാമർശങ്ങളാണ് സുധാകരൻ നടത്തിയത്. ഇതിന് പിന്നാലെയാണ് ഇടുക്കിയിൽ വലിയ പ്രതിഷേധമുണ്ടായി. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ഇടുക്കി ചെറുതോണിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അതേ യോഗത്തിൽ വെച്ചാണ് സുധാകരന് ഭീഷണിപ്പെടുത്തുന്ന പരാമർശവും ഉണ്ടായത്. നേരത്തെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി നടത്തിയ വൺ ടു ത്രി കൊലപാതക പരാമർശവും വലിയ വിവാദമായിരുന്നു.
നിഖില്‍ പൈലിയെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍
തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ വധക്കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലിയെ (Nikhil Paili) ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ (K Sudhakaran). എന്‍റെ കുട്ടികൾ ജയിലിൽ കിടക്കുകയാണ്. എന്താണ് അവർ ചെയ്ത കുറ്റം. നിഖിൽ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണ്. സാക്ഷിയില്ലാത്ത കേസ് നിലനിൽക്കുമോയെന്നും സുധാകരൻ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരന്‍ രൂക്ഷ വിമര്‍ശനം നടത്തി. പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ലെന്നും കുടുംബത്തിന് വേണ്ടിയാണെന്നുമായിരുന്നു സുധാകരന്‍റെ പരിഹാസം. മുതലാളിത്തത്തെ താലോലിക്കുകയാണ് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടിയുള്ള ഉമ്മൻ ചാണ്ടിയുടെയുടെ പ്രവർത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി തുരങ്കം വച്ചു. ഒന്നാം സർക്കാരിന്‍റെ കാലത്ത് ഉയർന്നുവന്ന ആരോപണങ്ങൾ ചെറുതല്ല. ചെന്നിത്തല ഉയർത്തിയ ഈ ആരോപണങ്ങൾ പരിഹരിക്കപ്പെടാതെ ഇന്നും നിൽക്കുന്നു. ബിജെപികാർക്ക് നട്ടെല്ല് ഉണ്ടോ? നിങ്ങളുടെ ഏജൻസി എടുത്ത കേസുകൾ എന്താണ് അന്വേഷിക്കാത്തതെന്നും സുധാകരന്‍ ചോദിച്ചു.
