
തിരുവനന്തപുരം:സിപിഎമ്മിലെ എക്കാലത്തെയും അധികാര കേന്ദ്രവും ശാക്തിക ചേരിയുമായ കണ്ണൂർ ലോബി മൂന്നായി പിളർന്നുവെന്ന് മുന്‍ ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഇപ്പോൾ കുലംകുത്തിയായി മാറിയിട്ടുള്ള ഇ.പി.ജയരാജന്‍റെ അനുയായികൾ പി.ജയരാജനുമായി ചേർന്നാൽ പാർട്ടി അംഗത്വത്തിൽ മുന്നിൽ നിൽക്കുന്ന കണ്ണൂരിൽ ഔദ്യോഗിക നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാവും.
ജാവേദ്‌കറുമായുള്ള ബന്ധമാണ് ഇ.പി.ജയരാജനു മേൽ പാർട്ടി ഇപ്പോൾ ചുമത്തുന്ന കുറ്റകൃത്യമെങ്കിലും വി.എസിന്റെ ഉറ്റ സുഹൃത്തായിരുന്ന ദല്ലാൾ നന്ദകുമാറുമായുള്ള വഴി വിട്ട ബന്ധമാണ് പിണറായിയെ യഥാർത്ഥത്തിൽ പ്രകോപിപ്പിച്ചത്.2005 ൽ മലപ്പുറം ജില്ലാ സമ്മേളനത്തിൽ പിണറായിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാൻ വി.എസ്. ശ്രമിച്ചപ്പോൾ ഇ.പി.ജയരാജന്റെ നേതൃത്വത്തിൽ രക്ഷാകവചം സൃഷ്ടിച്ചത് കണ്ണൂർ ലോബിയാണ്. പാർട്ടി സെക്രട്ടറി, പോളിറ്റ്ബ്യൂറോ അംഗം എന്നീ സ്ഥാനങ്ങളിൽ സീനിയറായ തന്നെ തഴഞ്ഞതു മുതലാണ് ഇ.പി ജയരാജൻ പിണറായിയുമായി അകന്നത്.
1985-ൽ എം.വി രാഘവനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതു മുതൽ കണ്ണൂർ ലോബിയിൽ പിണറായിയുടെ ഉറ്റവനായിരുന്ന ഇ.പി.ജയരാജനെ നിഷ്ക്കരുണം വെട്ടി നിരത്തിയത് ഈ മാസം ആരംഭിക്കുന്ന പാർട്ടി സമ്മേളനങ്ങളിൽ വിമർശനം ഉയരാതിരിക്കുന്നതിനും , ബി.ജെ.പിയുമായുള്ള രഹസ്യ ബന്ധം മറച്ചുപിടിക്കുന്നതിനുമാണ്.
എം.വി.രാഘവനും കെ.ആർ. ഗൗരിയമ്മയും ഇ എം എസിനും വി.എസിനും അനഭിമതനായതുപോലെ ഇ.പി.ജയരാജന്റെ വാക്കും പ്രവൃത്തിയും പിണറായി വിജയന് വലിയ ശല്യമായതു കൊണ്ടാണ് ഇ.പിയെ പിണറായി കൈവിട്ടതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam