CPM : കോണ്‍ഗ്രസിനെ കുറിച്ച് മിണ്ടാത്തതെന്തേ? റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിലപാടെന്ത്? യെച്ചൂരിക്കെതിരെ വിമർശനം

Web Desk   | Asianet News
Published : Mar 02, 2022, 10:20 PM ISTUpdated : Mar 02, 2022, 10:21 PM IST
CPM : കോണ്‍ഗ്രസിനെ കുറിച്ച് മിണ്ടാത്തതെന്തേ? റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിലപാടെന്ത്? യെച്ചൂരിക്കെതിരെ വിമർശനം

Synopsis

കേരളത്തിൽ കോൺഗ്രസുമായി നേരിട്ട് എറ്റുമുട്ടുന്ന സാഹചര്യമായിട്ടും സംസ്ഥാന സമ്മേളനത്തിൽ പോലും ജനറൽ സെക്രട്ടറി ഒന്നും പറഞ്ഞില്ലെന്ന് പ്രതിനിധികൾ ചൂണ്ടികാട്ടി. കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരാണ് ചർച്ചക്കിടെ യെച്ചൂരിക്കെതിരെ വിമർശനമുന്നയിച്ചത്

കൊച്ചി:  സി പി എം സംസ്ഥാന സമ്മേളനത്തിൽ (C P M Kerala State Conference) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ പരക്കെ വിമർശനം. കേരളത്തിലെ സമ്മേളനത്തിൽ കോൺഗ്രസിനെ കുറിച്ച് ഒരു വരിപോലും മിണ്ടാത്തതാണ് പ്രതിനിധികളെ പ്രധാനമായും പ്രകോപിപ്പിച്ചത്. കേരളത്തിൽ കോൺഗ്രസുമായി നേരിട്ട് എറ്റുമുട്ടുന്ന സാഹചര്യമായിട്ടും സംസ്ഥാന സമ്മേളനത്തിൽ പോലും ജനറൽ സെക്രട്ടറി ഒന്നും പറഞ്ഞില്ലെന്ന് പ്രതിനിധികൾ ചൂണ്ടികാട്ടി. കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരാണ് ചർച്ചക്കിടെ യെച്ചൂരിക്കെതിരെ വിമർശനമുന്നയിച്ചത്. റഷ്യ-യുക്രൈൻ യുദ്ധത്തിലും നിലപാട് പറയാത്തതിൽ സീതാറാം യെച്ചൂരിയെ അടക്കം പ്രതിനിധികൾ കുറ്റപ്പെടുത്തി. ഉദ്ഘാടന പ്രസംഗത്തിൽ പോലും ഇക്കാര്യത്തിലെ വ്യക്തമായ നിലപാട് പറയാനായില്ലെന്ന് എറണാകുളം ജില്ലാ കമ്മിറ്റി വിമ‍ർശിച്ചു.

യുക്രൈനെതിരായ റഷ്യയുടെ 'സൈനികനടപടി' തെറ്റാണെന്നും, എന്നാൽ നാറ്റോ വിപുലീകരണം റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ വിഷയത്തിൽ പുറത്തിറക്കിയിരുന്ന പ്രസ്താവന. യുക്രൈന് മേലുള്ള റഷ്യയുടെ അധിനിവേശം എന്ന് പറയാൻ സിപിഎം മടിക്കുന്നതെന്തിന് എന്ന വിമർശനങ്ങൾ ഇതേത്തുടർന്ന് വ്യാപകമായി ഉയർന്നിരുന്നു. ഇതിന്‍റെ തുടർച്ചയായിരുന്നു സമ്മേളനത്തിലെയും വിമർശനം. പി ബി പ്രസ്താവന പാർട്ടിയ്ക്ക് അകത്തും പുറത്ത് പൊതുസമൂഹത്തിലും ഉണ്ടാക്കിയത് വലിയ ആശയക്കുഴപ്പമാണെന്ന് എറണാകുളം ജില്ലാ കമ്മിറ്റി വിമർശിച്ചു. കൃത്യമായ നിലപാട് പാർട്ടി പറഞ്ഞില്ല. വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിൽ നിലപാട് കൃത്യമായി പറയേണ്ടത് അത്യാവശ്യമാണെന്നും എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

യെച്ചൂരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്

ഗൾഫ് യുദ്ധകാലത്തും മറ്റും ഒഴിപ്പിക്കൽ നടപടി വളരെ സുരക്ഷിതമായി നടത്തിയ ഇന്ത്യ യുക്രൈനിൽ അത്തരം അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞിരുന്നു. അന്നത്തെ സർക്കാർ ലക്ഷക്കണക്കിന് പേരെ ഒഴിപ്പിച്ച് കൊണ്ടുവന്നതാണ്. ഇപ്പോൾ ആളുകൾ വരുമ്പോൾ മോദിക്ക് നന്ദി പറയുന്ന കാർഡുകളും ഫോട്ടോ സെഷനുകളും മാത്രമാണ് നടക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി. യുക്രൈനും റഷ്യയും തമ്മിലുള്ള സംഘർഷം ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തിയതെങ്ങനെ എന്ന് പരിശോധിക്കണമെന്നും യെച്ചൂരി പറഞ്ഞു. നാറ്റോയെ കിഴക്കൻ യൂറോപ്പിലേക്ക് വ്യാപിപ്പിക്കില്ലെന്ന് അമേരിക്ക ഗോർബച്ചേവിന്‍റെ കാലത്ത് തൊണ്ണൂറുകളിൽ ഉറപ്പ് നൽകിയിരുന്നതാണ്. ആ ഉറപ്പ് പൂർണമായും ലംഘിച്ചാണ് യുക്രൈനെ നാറ്റോയിൽ ചേർക്കാനുള്ള നീക്കം അമേരിക്ക നടത്തിയത്. യുക്രൈൻ ഒഴികെ മറ്റ് പ്രധാന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെയെല്ലാം നാറ്റോയിൽ ചേർത്ത്, 1,75,000 സൈനികരെ റഷ്യയ്ക്ക് ചുറ്റുമായി വിന്യസിച്ചിരിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തിൽ ഒരു വശം ഇങ്ങനെയായിരിക്കേ, മറ്റൊരു വശത്ത് പുടിന്‍റെ നേതൃത്വത്തിൽ സങ്കുചിതമായ ദേശീയവാദം ശക്തിപ്പെട്ടുവെന്നും യെച്ചൂരി ഉദ്ഘാടനപ്രസംഗത്തിൽ നിരീക്ഷിച്ചു. യുക്രൈൻ എല്ലാ കാലത്തും റഷ്യയ്ക്ക് കീഴ്പ്പെട്ട് നിൽക്കണമെന്ന നിലപാടാണ് പുടിൻ പറയുന്നത്. ഇത് അപകടകരമായ പ്രത്യാഘാതമുണ്ടാകും. ഇത് ലോകസമാധാനത്തിന് ഭീഷണിയാണ്. ഒരു രാജ്യം സ്വീകരിക്കുന്ന നടപടികൾ മറ്റൊരു രാജ്യത്തിന്‍റെ സുരക്ഷിതത്വത്തെ ബാധിക്കരുതെന്നത് അന്താരാഷ്ട്ര നിയമമാണ്. ആ അടിസ്ഥാനതത്വം എല്ലാവരും പാലിക്കണമെന്നും യെച്ചൂരി പറഞ്ഞിരുന്നു.

യുക്രൈൻ - റഷ്യ യുദ്ധം: കൃത്യം നിലപാടെന്ത്? സിസിക്കെതിരെ എറണാകുളം ജില്ലാ കമ്മിറ്റി

മുഖ്യമന്ത്രി ശ്രദ്ധിക്കണം; പൊലീസിനും വിമർശനം

ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന പൊലീസ് വിമർശനം സംസ്ഥാന സമ്മേളനത്തിലും ആവർത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി ശ്രദ്ധിച്ചില്ലെങ്കിൽ പൊലീസ് ചീത്തപേരുണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം ഉയർന്നു. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്നടക്കം പൊലീസിനെതിരെ വിമർശനം ഉയർന്നത് ശ്രദ്ധേയമായി. സീനിയർ ജൂനിയർ ഭേദമില്ലാതെ ഉദ്യോഗസ്ഥർ  സർക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്ന് പ്രതിനിധികൾ ചൂണ്ടികാട്ടി. മുഖ്യമന്ത്രി ശ്രദ്ധിക്കണം ഇല്ലെങ്കിൽ ഇടതു സർക്കാരിനെ പൊലീസ് ഒരു വഴിയാക്കും. സിപിഎം പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ മുഖ്യമന്ത്രിക്ക് കീഴിലെ പൊലീസ് പലപ്പോഴും കൊലയാളികൾക്ക് അനുകൂലമാണെന്നുംവിമർശിക്കപ്പെട്ടു.

പൊലീസിന് രൂക്ഷവിമർശനം, ക്രമസമാധാന പാലനത്തിൽ സീനിയർ ജൂനിയർ ഭേദമന്യേ വീഴ്ചയുണ്ടായി

നോക്കുകൂലി; ട്രേഡ് യൂണിയനുകൾക്കെതിരെ വിരൽചൂണ്ടി മുഖ്യമന്ത്രി

തൊഴിലാളി സംഘടനകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ട്രേഡ് യൂണിയനുകൾ അതിപ്പോഴും ചെയ്യുന്നു. തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ കുറേ നാളായി ഇതൊക്കെ ചെയ്യുകയാണ്. ഇക്കാര്യത്തിൽ തിരുത്തൽ വേണം. ഈ രീതി തുടർന്നാൽ പല മേഖലകളേയും അത് ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടികാട്ടി. സി പി എം സംസ്ഥാന സമ്മേളത്തിൽ നയരേഖ അവതരണത്തിനിടെയായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളിൽ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടിയിരുന്നു. മാതമംഗലം പേരാമ്പ്ര വിവാദങ്ങളിൽ സിഐടിയു വിമർശനം കേൾക്കുമ്പോഴാണ് സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ വിമ‍ർശനമുന്നയിച്ചത് എന്നും ശ്രദ്ധേയമായി.

നോക്കുകൂലിക്കെതിരെ മുഖ്യമന്ത്രി ; 'ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേ‌ണം'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശശി തരൂർ വീണ്ടും ഉടക്കിൽ?; മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന് പരാതി
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്