
കണ്ണൂർ: കണ്ണൂരിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്നും ആന്തൂരിൽ അഞ്ചാം പീടിക വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ലിവ്യയെ സിപിഎം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സ്ഥിതി പോലുമുണ്ടായെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ആരോപിച്ചു. ആന്തൂരിൽ ഭീഷണി കാരണം രണ്ട് ഡിവിഷനുകളിൽ നാമനിർദ്ദേശ പത്രിക നൽകാൻ യുഡിഎഫിന് കഴിഞ്ഞില്ല. മറ്റ് പലയിടത്തും സിപിഎം, സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്നും സ്ഥാനാർത്ഥികളെ പിന്തുണച്ച നാലുപേരെയും ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പട്ടം 12-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി നിത്യശ്രീയുടെ പത്രിക വ്യാജ ഒപ്പ് ചൂണ്ടിക്കാട്ടി തള്ളിയത് ശരിയല്ലെന്നും മാർട്ടിൻ ജോർജ്ജ് ചൂണ്ടിക്കാട്ടി. നിത്യശ്രീ നേരിട്ട് ഹാജരായാണ് പത്രിക നൽകിയത്. ഇന്ന് നേരിട്ട് ചെന്നിട്ടും പത്രിക തള്ളിയെന്നും, കണ്ണൂർ കളക്ടർ സിപിഎമ്മിനെ സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിത്യശ്രീയുടെ പത്രിക തള്ളിയ വിഷയം കളക്ട്രേറ്റിൽ ഹിയറിങ് നടത്തി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട മാർട്ടിൻ ജോർജ്ജ്, സിപിഎമ്മിന്റെ തോന്നിവാസം ഇനി അനുവദിക്കില്ലെന്നും വ്യക്തമാക്കി. കണ്ണപുരം പഞ്ചായത്തിൽ നാമനിർദ്ദേശ പത്രിക നൽകുന്നതിൽ പാർട്ടി നേതാക്കളിൽ ചിലർക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം സമ്മതിച്ചു. കണ്ണൂരിലെ ജനാധിപത്യ കശാപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് കോൺഗ്രസിന്റെ തീരുമാനം.
അതേ സമയം, സംസ്ഥാനത്ത് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ, കണ്ണൂരിൽ വോട്ടിടും മുമ്പ് ഇടത് പക്ഷം മേൽക്കെ നേടി. 9 ഇടത്ത് എൽഡിഎഫിന് എതിരാളികളില്ല. മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ രണ്ട് സ്ഥാനാർത്ഥികൾക്ക് എതിരില്ല. 12 -ാം വാർഡിലെ ഇടത് സ്ഥാനാർത്ഥി ഷിഗിനക്കെതിരായ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. പഞ്ചായത്തിലെ മറ്റ് രണ്ടുവാർഡുകളിലെ ഇടത് സ്ഥാനാർത്ഥികൾക്കും എതിരാളികളില്ലായിരുന്നു. കണ്ണപുരം പഞ്ചായത്തിൽ പത്താം വാർഡിലെ ഇടത് സ്ഥാനാർത്ഥി പ്രേമ സുരേന്ദ്രൻറെയും മൂന്നാം വാർഡിലെ ഇടത് സ്ഥാനാർത്ഥി കെവി സജിനയുടേയും എതിരാളികളുടെ പത്രികകൾ തള്ളി. ഇവിടെ രണ്ട് ഇടങ്ങളിലും ഇടതിന് എതിരാളികളില്ല. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിൽ ഇടത് സ്ഥാനാർത്ഥികൾക്കെതിരെ ആരും പത്രിക നൽകിയിരുന്നില്ല.