
തിരുവനന്തപുരം: മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാത്രിയിൽ ഓടുന്ന ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചുവെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഇന്ന് (22.11.2025) വൈകുന്നേരം 4:20 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 01464 തിരുവനന്തപുരം നോർത്ത് - ലോകമാന്യ തിലക് ടെർമിനസ് സ്പെഷ്യൽ 3 മണിക്കൂർ 40 മിനിറ്റ് വൈകി രാത്രി 8 മണിക്ക് പുറപ്പെടുന്ന രീതിയിൽ മാറ്റിയിട്ടുണ്ട്. മറ്റ് നിരവധി ട്രെയിനുകളെയും ഗതാഗത നിയന്ത്രണം ബാധിക്കും എന്നതിനാൽ റെയിൽ വൺ ആപ്പിൽ സമയം ഉറപ്പാക്കി മാത്രം യാത്ര പുറപ്പെടണമെന്ന് അറിയിപ്പുണ്ട്.
വൈകീട്ട് 7:35 ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 06112 കൊല്ലം ജംഗ്ഷൻ - ചെന്നൈ എഗ്മോർ സ്പെഷ്യൽ ഒരു മണിക്കൂർ 40 മിനിറ്റ് വൈകി രാത്രി 8.15 ന് പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചു. കൂടാതെ, 23.11.2025 ന് പുലർച്ചെ 02:30 ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 07102 കൊല്ലം ജംഗ്ഷൻ - മച്ചിലിപട്ടണം സ്പെഷ്യൽ, നാളെ രാവിലെ 3 മണിക്കൂർ 15 മിനിറ്റ് വൈകി രാവിലെ 05:45 ന് പുറപ്പെടുന്ന രീതിയിലും മാറ്റിയിട്ടുണ്ട്. ഇത് കൂടാതെ, ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ് റദ്ദാക്കി. മധുര – ഗുരുവായൂർ എക്‌സ്‌പ്രസ് കൊല്ലത്തും നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ് കായംകുളത്തും, ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ് കോട്ടയത്തും യാത്ര അവസാനിപ്പിക്കും. ഞായറാഴ്‌ചത്തെ ഗുരുവായൂർ – മധുര എക്‌സ്‌പ്രസ് കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക.