
കോഴിക്കോട്: മുസ്ലീംലീഗിനെതിരേ മുതിർന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവൻ. ജമാഅത്തെ ഇസ്ലാമി പോലെയുള്ള ഒരുപാട് മുസ്ലീംസംഘടനകളെ കൂട്ടിയോജിപ്പിച്ച് ഇവരെയെല്ലാം ഇടതുപക്ഷ വിരുദ്ധ ചേരിയിൽ ഒന്നിപ്പിച്ച് ലീഗ് വോട്ട് നേടിയെന്നായിരുന്നു എ വിജയരാഘവന്റെ വിമർശനം. പിഎംശ്രീക്കെതിരേ പറഞ്ഞ ലീഗുകാർ ഇപ്പോൾ വന്ദേമാതരം വരിതെറ്റാതെ പഠിപ്പിക്കാൻ പാണക്കാട് സ്പെഷ്യൽ സ്കൂൾ തന്നെ തുടങ്ങിയെന്നും വിജയരാഘവൻ പറഞ്ഞു. കോഴിക്കോട് സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്ക് പിന്നാലെ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ വർഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വർഗീയതയും ഇവിടെ ശക്തിപ്പെട്ടു. ലീഗ് മുൻകൈയെടുത്ത് ജമാഅത്തെ ഇസ്ലാമി പോലെയുള്ള കുറേ മുസ്ലീംസംഘടനകളെ കൂട്ടിച്ചേർത്ത് അതിനെ മുഴുവൻ ഇടതുപക്ഷ വിരുദ്ധ വർഗീയ ചേരിയിൽ ഒന്നിപ്പിച്ച് വോട്ട് നേടി. ലീഗുകാർ ഇപ്പോൾ പാണക്കാട് സ്പെഷ്യൽ സ്കൂൾ തന്നെ തുടങ്ങി. വന്ദേമാതരം വരിതെറ്റാതെ പഠിപ്പിക്കാനുള്ള സ്കൂൾ തന്നെ ലീഗുകാർ തുടങ്ങി. വരിതെറ്റാതെ പഠിച്ചില്ലെങ്കിൽ ഗവർണർ പിണങ്ങും. ലീഗിന് ഇപ്പോൾ വഖഫിന്റെ കാര്യത്തിൽ വിഷമമുണ്ടോ. വൈസ് ചാൻസലർമാരെ ഗവർണർ നിശ്ചയിക്കുന്നതിൽ നിവല്ല വിഷമമുണ്ടോ, കാപ്പാ കേസിൽ പ്രതിയായ ബിജെപി നേതാവിന് സത്യപ്രതിജ്ഞ ചെയ്യാൻ എല്ലാ സൗകര്യവും ചെയ്തുകൊടുത്തില്ലേ, അതിന് ലീഗിന് വല്ല വിഷമവുമുണ്ടോ. കേരളത്തിൽ സംഘപരിവാർ താത്പര്യങ്ങൾ സംരക്ഷിക്കുക മാത്രമല്ല, ബംഗാളിലെ പോലെ സംഘപരിവാറിനെ അധികാരത്തിലെത്തിക്കാനുള്ള രാഷ്ട്രീയപ്രക്രിയയിലും ലീഗ് പങ്കാളിയാകുന്നു. ആ ഗതികെട്ട കാലത്തിലേക്ക് നാട് പോകാതിരിക്കാനുള്ള ജാഗ്രത വേണമെന്നും എ വിജയരാഘവൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam