പ്രളയദുരിതാശ്വാസത്തിൻ്റെ പേരിൽ തട്ടിപ്പ്: സിപിഎം നേതാവ് അറസ്റ്റിൽ

By Web TeamFirst Published Jun 1, 2020, 12:02 PM IST
Highlights

2018-ലെ ആദ്യ പ്രളയ സമയത്ത് കൊല്ലം കു‍ടിമുകളിൽ നടത്തിയ ക്യാമ്പിന്‍റെ പേരിൽ വിദേശത്തുള്ള സുഹൃത്തുക്കളിൽ നിന്ന് പണം  പിരിച്ച സംഭവത്തിലാണ് തൃക്കാക്കര പോലീസ് നിഷാദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.

കൊച്ചി: പ്രളയ ദുരിതാശ്വാസ  ക്യാമ്പിന്‍റെ പേരിൽ പണം പിരിവ് നടത്തിയ  സിപിഎം നേതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ സി.എ നിഷാദിനെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് സിപിഎം നേതാവിനെതിരെ കേസ് എടുക്കാൻ ഉത്തരവിട്ടത്. 

2018-ലെ ആദ്യ പ്രളയ സമയത്ത് കൊല്ലം കു‍ടിമുകളിൽ നടത്തിയ ക്യാമ്പിന്‍റെ പേരിൽ വിദേശത്തുള്ള സുഹൃത്തുക്കളിൽ നിന്ന് പണം  പിരിച്ച സംഭവത്തിലാണ് തൃക്കാക്കര പോലീസ് നിഷാദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ദുരിതാശ്വാസ ക്യാമ്പിനായി  വ്യക്തികൾ നേരിട്ട് പണം സ്വീകരിക്കരുതെന്ന് നിർദ്ദേശം നിലനിൽക്കെയാണ് നഗരസഭ കൗൺസിലർ കൂടിയായ നിഷാദ് വാട്സാപ്പ് കൂട്ടായ്മ ഉണ്ടാക്കി പണം പിരിച്ചത്. 

പൊതു പ്രവർത്തകനായ മാഹിൻകുട്ടി നൽകിയ പരാതിയിൽ കാക്കനാട് മജിസ്ട്രേറ്റ് കോടതി നിർദ്ദശ പ്രകാരം  ഐപിസി 406, 417, 420 വകുപ്പുകൾ ചേർത്ത് തൃക്കാക്കര പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് നിഷാദ് ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയത്. കൊവിഡ് പശ്ചാത്തലത്തിൽ അന്വഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കാനും ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. 

ഇതേ തുടർന്നാണ് ചോദ്യം ചെയ്യലും അറസ്റ്റും പൂർത്തിയാക്കി പ്രതിയെ ജാമ്യത്തിൽ വിട്ടത്. നിഷാദിന്‍റെയും ബന്ധുക്കളുടേയും അക്കൗണ്ട് വിശദാംശങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്. മാത്രമല്ല 2018 ഓഗസ്റ്റിൽ നിഷാദ് നടത്തിയ ബാങ്ക് ഇടപാടുകളുടെ മുഴുവൻ രേഖകളും പോലീസ് ശേഖരിക്കുന്നുണ്ട്. 

സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ പണ്ട് തട്ടിപ്പ് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ഒരു കോടി എൺപത്തി ആറായിരം രൂപയുടെ തട്ടിപ്പിൻ്റെ വിശദാംശങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഎം അൻവർ, ഭാര്യ കൗലത്ത് അൻവർ എന്നിവർ പ്രതി ചേർക്കപ്പെട്ടതിന് പിറകെ ഒളിവിൽ പോയിരിക്കുകയാണ്. 

click me!