
തൃശ്ശൂര്‍:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ വിശദീകരണവുമായി ആരോപണവിധേയനും സിപിഎം മുന്‍ജീല്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സി.കെ.ചന്ദ്രന്‍ രംഗത്ത്.തനിക്ക് തട്ടിപ്പിൽ പങ്കാളിത്തമില്ല.ബാങ്ക് സെക്രട്ടറി സുനിലാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്.ലോണിനായി ആർക്കും ശുപാർശ നൽകിയില്ല. ഭരണസമിതിക്കും സെക്രട്ടരിക്കുമാണ് ലോണ്‍ പാസാക്കുന്നതിന്‍റെ ഉത്തരവാദിത്തം.സുനിലിനെ വിശ്വസിച്ചതാണ് തെറ്റ്
തൻ്റെ ഭാര്യക്ക് ബാങ്കിൽ ജോലി ഉണ്ടായിരുന്നു.തട്ടിപ്പ് നടക്കുന്നതിന് മുമ്പ് അവര്‍ റിട്ടയര്‍ ചെയ്തിരുന്നു. തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന്‍റെ അടിസ്ഥാനം എന്തെന്ന് അറിയില്ലെന്നും ചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സി.കെ ചന്ദ്രനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്
സി.കെ ചന്ദ്രന് വീഴ്ച്ച പറ്റിയിട്ടുണ്ട് .ബാങ്കിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും സി.കെ ചന്ദ്രന് അറിയാമായിരുന്നു. ബാങ്ക് തട്ടിപ്പിന്റെ വിവരങ്ങൾ അറിയിക്കാത്തിനാലാണ് സി.കെ ചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കുറ്റക്കാർക്കെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ട്പരാതി കിട്ടിയപ്പോൾ തന്നെ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.സഹകരണ മേഖലയെ തകർക്കാനാണ് ബിജെപിയുടെ ശ്രമം.ബി ജെ പി അജണ്ട കോൺഗ്രസ് ഏറ്റു പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു
കരുവന്നൂര്‍ കൊള്ള; ജീവനക്കാർ പാർട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചന, പ്രതികളെ സംരക്ഷിക്കില്ലെന്ന് സിപിഎം
രുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് സി പിഎം. ജീവനക്കാർ പാർട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചനയാണ്. അത് തിരിച്ചറിയുന്നതിൽ പിഴവ് പറ്റിയെന്നും സിപിഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചില പ്രതികൾക്ക് സ്ത്രീധനത്തിലൂടെ കിട്ടിയ പണമാണ് എന്നാണ് കരുതിയത്. തിരിച്ചറിഞ്ഞപ്പോഴേക്കും കൈവിട്ടു പോയി. ഭരണ സമിതി തന്നെയാണ് പരാതി നൽകിയത് എന്നും വി.എ.മനോജ് കുമാർ പറഞ്ഞു.
അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ പ്രതീക്ഷിച്ചിരിക്കുകയാണ് നിക്ഷേപകർ. തട്ടിപ്പിൽ സി ബി ഐ അന്വേഷണം വേണമെന്ന ഹർജി ഒരു വർഷത്തിന് ശേഷം ഹൈക്കോടതി നാളെ പരിഗണിക്കും. നിക്ഷേപകർക്ക് പണം തിരിച്ച് നൽകാൻ എന്ത് ചെയ്യാനാകുമെന്ന് സർക്കാർ നാളെ അറിയിക്കണം. ഉന്നത സിപിഎം നേതാക്കളെ രക്ഷിക്കാൻ കേസ് അട്ടിമറിക്കുന്നുവെന്ന് പരാതിക്കാരനായ എംവി സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികൾ തേക്കടിയിൽ വാങ്ങിയ ഭൂമി കണ്ടെത്താനുള്ള നടപടികൾ വൈകുന്നു
കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ 70 കാരി മരിച്ച സംഭവം വിവാദമായിരിക്കെയാണ് സിബിഐ അന്വേഷണം തേടിയുള്ള ഹർജി ഹൈക്കോടതി മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പരിഗണിക്കുന്നത്. 104 കോടിരൂപയുടെ നിക്ഷേപ തട്ടിപ്പ് സിപിഎം ഉന്നത നേതാക്കൾ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും കോടതി മേൽനോട്ടത്തിൽ സിബിഐ കേസ് അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം.
കഴിഞ്ഞ വർഷം ജൂലൈ 21 ന് മുൻ ജീവനക്കാരനായ എം വി സുരേഷ് നൽകിയ ഹർജിയിൽ സർക്കാരും ബാങ്കും സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു. ക്രൈംബ്രാഞ്ച് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് സർക്കാർ പറഞ്ഞിരുന്നു. നിക്ഷേപർക്ക് പണം നഷ്ടപ്പെടില്ലെന്ന് ബാങ്കും കോടതിയെ അറിയിച്ചു. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും മുഴുവൻ പ്രതികളും കേസിൽ പ്രതിയായില്ല.തട്ടിപ്പ് പണം കണ്ടെടുക്കാനുള്ള നടപടിയും ഇതുവരെ ആയിട്ടില്ല.
നിക്ഷേപകർ നൽകിയ രണ്ടാമതൊരു ഹർജികൂടി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചും നാളെ പരിഗണിക്കുന്നുണ്ട്.ഈ ഹർജിയിൽ കാലാവധി പൂർത്തിയായ സ്ഥിരം നിക്ഷേപം പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയെന്നും സർക്കാറിന് ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്നും അറിയിക്കാൻ ജസ്റ്റിസ് ടി ആർ രവി നിർദേശം നൽകിയിട്ടുണ്ട്. നാളെ ഹർജി പരിഗണിക്കുമ്പോൾ സർക്കാറിന് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടിവരും.
ഒരു വർഷം മുമ്പ് തന്നെ 6 പേരെ പ്രതിയാക്കി എൻഫോഴ്സ്മെന്റും കേസിൽ അന്വേഷണം തുടങ്ങിയിരുന്നു. ഇരിങ്ങാലക്കുട പോലീസ് എടുത്ത എഫ്ഐആർ അടിസ്ഥാനത്തിലായിരുന്നു അന്വഷണം. ബാങ്കിൽ കോടികളുടെ കള്ളപ്പണം ഉണ്ടെന്നും ഇവ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നുമായിരുന്നു ഇഡി വ്യക്തമാക്കിയത്. എന്നാൽ പ്രാഥമിക പരിശോധനയല്ലാതെ തുടർ നടപടികൾ ഇഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam