
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. ഇത്തരമൊരു വിധിയുണ്ടാകുമെന്ന് കണക്കാക്കിയില്ല. എല്ലാ രംഗങ്ങളിലും കേരളം വളർച്ച ഉണ്ടാക്കി. ഇടതുപക്ഷം കേരളത്തിൽ ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കും. ഭരണവിരുദ്ധ വികാരമല്ലെന്നും കഴിഞ്ഞ സർക്കാർ എന്തെങ്കിലും ജനവിരുദ്ധ നിലപാട് സ്വീകരിച്ചോയെന്നും ഇ പി ജയരാജൻ ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി.
കോൺഗ്രസ് മുഖ്യമന്ത്രിയെ തേടി നടക്കുകയാണ്. അത്യന്തം തകർച്ചയിലാണ് കോൺഗ്രസ്. 102 സീറ്റ് നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകുന്നില്ല. ബിജെപി 3 സീറ്റ് നേടിയത് ദുഃഖത്തിന്റെ ആരംഭമാണ്. ഗ്രൂപ്പ് തിരിഞ്ഞു മുഖ്യമന്ത്രി ആയാൽ ഒരു ഭരണം ഉണ്ടാകുമോ. ഉദ്യോഗസ്ഥ തലത്തിലും ഗ്രൂപ്പ് ഉണ്ടാകും. 10 വർഷത്തിനിടെ ഒരു പിശകും ഉണ്ടായില്ലെന്ന് പറയുന്നില്ല. സിപിഎം മനുഷ്യരുടെ പാർട്ടി ആണ്. ഭാവിയിൽ തെറ്റ് പറ്റാതിരിക്കാൻ ശ്രമിക്കും. ഇടതുപക്ഷം തകർന്നു എന്ന് കരുതരുത്. ചോർന്നു പോയ ജനകീയ ശക്തി തിരിച്ചു പിടിക്കാൻ ശ്രമിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.
പാർട്ടിയെ സ്നേഹിക്കുന്നവരല്ല ഫ്ലക്സ് വയ്ക്കുന്നത്. പാർട്ടി ശത്രുക്കളാണ്. എതിരാളികളെ സഹായിക്കാൻ ആണ് ഇതെല്ലാം. സെക്രട്ടറിയേറ്റിൽ പങ്കെടുക്കാതിരുന്നത് കാലു വേദന കൊണ്ടാണ്. രാത്രി ട്രെയിൻ യാത്ര ചെയ്യാറില്ല. ഉറക്കമൊഴിച്ചുള്ള യാത്ര ഒഴിവാക്കാറുണ്ട്. കാലിന് ചികിത്സയിലായിരുന്നു. പരാജയത്തിൽ വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് പ്രാധാന്യം ഇല്ല. പാർട്ടി യോഗം ചർച്ച ചെയ്യും, തീരുമാനം പറയും. പയ്യന്നൂരിലും തളിപ്പറമ്പിലും തോൽക്കുമെന്ന് കരുതിയില്ല. പൊതുവായി വന്ന രാഷ്ട്രീയ കാറ്റിൽ വോട്ട് കുറഞ്ഞു, തോറ്റു. പാർട്ടി ശക്തികേന്ദ്രങ്ങളിലെ തോൽവി ഗൗരവമേറിയതാണ്. ന്യൂനപക്ഷ വോട്ടുകൾ പൂർണമായും പോയിട്ടില്ല. അഴിക്കോട് ജയിച്ചത് അതുകൊണ്ടാണ്. പാർട്ടി വോട്ടുകൾ ചോർന്നിട്ടുണ്ട്. എല്ലാ നേതാക്കൾക്കും ഒരു ശൈലിയുണ്ട്. അതുകൊണ്ടല്ല തോറ്റതെന്നും ഇപി ജയരാജൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam