
കോഴിക്കോട്: സമസ്ത മുശാവറ അംഗം ഡോ ബഹാഉദ്ദീന്‍ നദ്‌വിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സിപിഎം പ്രാദേശിക നേതാവിനെ മഹല്ല് കമ്മിറ്റി ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. അഖീല്‍ അഹമ്മദിനെയാണ് മടവൂര്‍ സിഎം മഖാം മഹല്ല് കമ്മിറ്റിയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.
ഇഎംഎസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ബഹാവുദ്ദീന്‍ നദ്‌വി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സിപിഎം നേതൃത്വത്തില്‍ നടത്തിയ പരിപാടിയിലാണ് അഡ്വ. അഖീല്‍ അഹമ്മദ് നദ്‌വിക്കെതിരായി പ്രസംഗിച്ചത്. ബഹാവുദ്ദീന്‍ നദ്‌വി 'പണ്ഡിത വേഷം ധരിച്ച നാറി'യാണെന്ന തരത്തില്‍ പരാമര്‍ശമുണ്ടായി. സംഭവം വിവാദമായതോടെ മഹല്ല് കമ്മിറ്റിയിലെ ഒരു വിഭാഗം നടപടിയെടുക്കുകയായിരുന്നു. എന്നാല്‍ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നും ഇത് പിന്‍വലിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും തീരുമാനത്തെ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കി.
പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നായിരുന്നു ഡോ.ബഹാവുദ്ദീൻ നദ്‌വിയുടെ വിവാദ പരാമര്‍ശം. ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍ വൈഫ് ഇൻ ചാർജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാവില്ലെന്നും ബഹുഭാര്യത്വത്തെ എതിർത്ത് ഇവരൊക്കെ സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്നുമാണ് ഡോ. ബഹാവുദ്ദീൻ നദ്‌വി പറഞ്ഞത്. കേരള മുൻ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11 വയസ്സിലാണ് വിവാഹം ചെയ്തതെന്നും നദ്‍വി ചൂണ്ടിക്കാട്ടി. കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഡോ.ബഹാവുദ്ദീൻ നദ്‌വിയുടെ വിവാദ പരാമര്‍ശം. അറബിക് സര്‍വ്വകലാശാലയുടെ ചാന്‍സിലറായി പ്രവര്‍ത്തിക്കുന്നയാളാണ് ഡോ. ബഹാവുദ്ദീൻ നദ്‌വി.
ബഹാവുദ്ദീന്‍ നദ്‌വിയുടെ വിവാദ പ്രസ്താവനക്കെതിരെ ഉമര്‍ ഫൈസി മുക്കം രംഗത്തെത്തിയിരുന്നു. ജനപ്രതിനിധികള്‍ക്ക് വൈഫ് ഇന്‍ ചാര്‍ജുമാര്‍ ഉണ്ടെന്ന നദ്‍വിയുടെ പ്രസ്താവന ശരിയായില്ലെന്ന് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മുശാവറ അംഗം എന്ന നിലയില്‍ അദ്ദേഹം വാക്കുകളില്‍ സൂക്ഷ്മത പുലര്‍ത്തണം. പറയുന്ന കാര്യം സത്യസന്ധമായിരിക്കണം. എല്ലാ പാര്‍ട്ടികളുടേയും നേതാക്കളെ സംശയമുനയിലാക്കുന്ന പ്രസ്താവനയാണ് നദ്‍വി നടത്തിയത്. ഇത് സമസ്തയുടെ നിലപാടല്ലെന്നും ഉമര്‍ഫൈസി വ്യക്തമാക്കിയിരുന്നു.
'വൈഫ് ഇൻ ചാര്‍ജ്' പരാമര്‍ശം സമസ്ത മുശാവറയിൽ ചര്‍ച്ച ചെയ്തിട്ടില്ലെന്നും താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ഡോ. ബഹാവുദ്ദീൻ നദ്‍വി പറഞ്ഞു. താൻ അധിക്ഷേപിച്ചുകൊണ്ട് പ്രസംഗത്തിൽ സംസാരിച്ചുവെന്ന് തെളിയിക്കാൻ കഴിയില്ല. ദുഷ്ടലാക്കോട് കൂടി ചിലര്‍ താന്‍ പറഞ്ഞത് വിവാദമാക്കുകയായിരുന്നു. തന്‍റെ വിമര്‍ശനം ചിലര്‍ക്ക് പൊള്ളി. മന്ത്രിമാരെ മാത്രം അല്ല പറഞ്ഞത്. ഉദ്യോഗസ്ഥര്‍ എന്നാണ് ആദ്യം പറഞ്ഞത്. മന്ത്രിമാരെ പ്രൊജക്ട് ചെയ്തിട്ടില്ല. എന്നിട്ടും ചിലര്‍ ആ രീതിയിൽ പ്രസ്താവനയെ വളച്ചൊടിച്ചു. പറഞ്ഞ വസ്തുത നിലനിൽക്കുന്നതാണെന്നും ബഹാവുദ്ദീൻ നദ്‍വി പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. അധര്‍മ്മത്തിനെതിരെ പ്രചാരണം നടത്തുകയെന്നത് സമസ്തയുടെ ദൗത്യമാണ്. അതാണ് താൻ പറഞ്ഞതെന്ന് നദ്‍വി വിശദീകരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam