G Sudhakaran : 'എല്ലാം കഴിഞ്ഞല്ലോ', ഒന്നും പറയാനില്ലെന്ന് ജി സുധാകരൻ

Published : Mar 04, 2022, 03:07 PM IST
G Sudhakaran : 'എല്ലാം കഴിഞ്ഞല്ലോ', ഒന്നും പറയാനില്ലെന്ന് ജി സുധാകരൻ

Synopsis

സുധാകരൻ അടക്കം 13 പേരെയാണ് സിപിഎം സംസ്ഥാന സമിതിയിൽ ഒഴിവാക്കിയത്. പ്രായം കർശനമായി നടപ്പാക്കിയതോടെയാണ് സുധാകരനെ ഒഴിവാക്കേണ്ടി വന്നതെന്നാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചത്.

തിരുവനന്തപുരം: സിപിഎമ്മിന്റെ (CPM) സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് മുതിർന്ന നേതാവ് ജി സുധാകരൻ (G Sudhakaran)."എല്ലാം കഴിഞ്ഞല്ലോ'' എന്നായിരുന്നു സമ്മേളനത്തിന് ശേഷം സുധാകരന്റെ പ്രതികരണം. സുധാകരൻ അടക്കം 13 പേരെയാണ് സിപിഎം സംസ്ഥാന സമിതിയിൽ ഒഴിവാക്കിയത്. പ്രായം കർശനമായി നടപ്പാക്കിയതോടെയാണ് സുധാകരനെ ഒഴിവാക്കേണ്ടി വന്നതെന്നാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചത്. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹം ഇല്ലെന്ന് കാണിച്ച് ജി.സുധാകരന് കത്ത് നൽകിയിരുന്നുവെന്നും കോടിയേരി അറിയിച്ചു.

75 വയസ് എന്ന പ്രായപരിധി കർശനമാക്കിയപ്പോൾ മുതിർന്ന നേതാക്കൾ പുറത്തായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് അനുവദിച്ചു. വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, പി കരുണാകരൻ, കോലിയക്കോട് കൃഷ്ണൻ നായർ, ഉണ്ണികൃഷ്ണ പിള്ള, കെ പി സഹദേവൻ, കെ ജോ തോമസ്, എം എം മണി, പി പി വാസുദേവന്‍, സി പി നാരായണന്‍, എം ചന്ദ്രന്‍, കെ വി രാമകൃഷ്ണന്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ടവര്‍. നേരത്തെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ അടക്കം പുതിയ നേതൃനിര സംഘടിതമായി വലിയ വിമർശനമാണ് സുധാകരന് എതിരെ ഉയർത്തിയത്. ഇതിലടക്കം വലിയ അതൃപ്തിയിലായിരുന്നു സുധാകരൻ. 


കോടിയേരിക്ക് മൂന്നാമൂഴം

സിപിഎം  സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. സംസ്ഥാന സെക്രട്ടറി പദത്തില്‍ കോടിയേരി ബാലകൃഷ്ണന്‍റേത് ഇത് മൂന്നാംമൂഴമാണ്. സർവ്വസമ്മതിയും പ്രവർത്തന മികവും  തന്നെയാണ് സെക്രട്ടറി സ്ഥാനത്ത് കോടിയേരിയുടെ മൂന്നാം ഊഴത്തിന്‍റെ കാരണം. മക്കൾ ഉൾപ്പെട്ട വിവാദങ്ങളും മഹാരോഗവും മറികടന്ന് അടുത്തിടെ  തിരിച്ചെത്തിയ സെക്രട്ടറിയുടെ തുടർച്ച എറണാകുളം സമ്മേളനത്തിന് മുമ്പേ ഉറപ്പിക്കപ്പെട്ടിരുന്നു.

പ്രസന്നനായ കമ്മ്യൂണിസ്റ്റാണ് കോടിയേരി. ഗൗരവക്കാരനായ പിണറായിയിൽ നിന്നും പാർട്ടി അമരത്തേക്കുള്ള  സൗമ്യനായ കോടിയേരിയുടെ വരവ് ആലപ്പുഴ സമ്മേളനത്തിലായിരുന്നു. തൃശ്ശൂരില്‍ രണ്ടാമൂഴവും കടന്ന് എറണാകുളത്തെത്തുമ്പോൾ നായക സ്ഥാനത്ത് കോടിയേരിക്ക് പകരം  പാർട്ടിക്ക് മുന്നിൽ മറ്റൊരു പേരുണ്ടായിരുന്നില്ല. രണ്ടാമൂഴത്തിൽ  കോടിയേരിക്ക് മുന്നിൽ ഉണ്ടായത് അസാധാരണ പ്രശ്നങ്ങളാണ്. അർബുദത്തോടൊപ്പം മകന്‍റെ ജയിൽവാസവുമായപ്പോൾ പാർട്ടിക്ക് പോറൽ ഏൽക്കാതിരിക്കാൻ കോടിയേരി മാറി നിന്നു . പദവി ഒഴിഞ്ഞപ്പോഴും  അണിയറയിൽ കരുനീക്കി ഭരണതുടർച്ചയിലും വഹിച്ചത് നിർണ്ണായക റോൾ.  

13 മാസങ്ങൾക്ക് ശേഷം സെക്രട്ടറി കസേരയിലേക്കു മടങ്ങുമ്പോൾ തന്നെ ഉറപ്പായിരുന്നു ഇനിയും പാർട്ടിക്കൊടി  കോടിയേരിയുടെ കയ്യിലായിരിക്കുമെന്ന്. തലശേരി ഓണിയൻ ഹൈസ്കൂളിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ കാലം മുതൽ രാഷ്ട്രീയത്തിൽ കോടിയേരി ബാലകൃഷ്ണന്‍റെ  നേതാവ് പിണറായിയാണ്. അന്നും ഇന്നും അതിൽ മാറ്റമില്ല. 37ാം വയസിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നതിലും നാൽപത്തിരണ്ടിൽ  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആകുന്നതിലും 49  ല്‍ പൊളിറ്റ് ബ്യൂറോ അംഗം ആകുന്നതിലും  കോടിയേരി പിണറായിയുടെ പിന്‍ഗാമിയായി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, പുകഞ്ഞകൊള്ളി പുറത്ത്'; സിപിഎം മുൻ എംഎൽഎയുടെ ബിജെപി പ്രവേശനത്തിൽ വിമർശനവുമായി എംഎം മണി
ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം 6 ലക്ഷം കടന്നു; 4.76 ലക്ഷത്തിലധികം വീടുകൾ പൂർത്തീകരിച്ചുവെന്ന് സർക്കാർ