Protest against K Rail Survey : കെ-റെയിലിനെതിരെ ആലുവയിൽ ഇന്നും പ്രതിഷേധം; കുട്ടമശ്ശേരിയിൽ കല്ലിടൽ തടഞ്ഞു

Published : Mar 04, 2022, 02:54 PM IST
Protest against K Rail Survey : കെ-റെയിലിനെതിരെ ആലുവയിൽ ഇന്നും പ്രതിഷേധം; കുട്ടമശ്ശേരിയിൽ കല്ലിടൽ തടഞ്ഞു

Synopsis

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഒരു വിഭാഗം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തെങ്കിലും സ്ത്രീകളടക്കമുള്ളവർ സംഘടിച്ചതോടെ ഉദ്യോഗസ്ഥർ വീണ്ടും വെട്ടിലായി.

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും ആലുവ കുട്ടമശ്ശേരിയിൽ കെ റെയിൽ (K Rail) കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് സംരക്ഷണത്തിൽ പ്രദേശത്ത് അടയാളക്കല്ലുകൾ സ്ഥാപിച്ചു. തുടർപ്രതിഷേധം ഒഴിവാക്കാൻ പൊതുസ്ഥലങ്ങളിൽ മാത്രമാണ് കല്ലിടൽ.

പ്രതിഷേധത്തെ തുടർന്ന് കല്ലിടൽ നിർത്തിവച്ച കുട്ടമശ്ശേരിയിൽ സർക്കാർ ആയുർവേദ ആശുപത്രിയിലാണ് രാവിലെ ആദ്യം അടയാളക്കല്ല് സ്ഥാപിച്ചത്. നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും കല്ലിടൽ തടഞ്ഞില്ല. തുടർന്ന് ഉദ്യോഗസ്ഥർ റോഡിലേക്ക് ഇറങ്ങിയോടെ നാട്ടുകാർ സംഘടിച്ചു, ഉദ്യോഗസ്ഥരെ തടഞ്ഞു. ഇതോടെ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഒരു വിഭാഗം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തെങ്കിലും സ്ത്രീകളടക്കമുള്ളവർ സംഘടിച്ചതോടെ ഉദ്യോഗസ്ഥർ വീണ്ടും വെട്ടിലായി. ഇതോടെ സ്വകാര്യ ഭൂമി ഒഴിവാക്കി പൊതുസ്ഥലങ്ങളിൽ മാത്രം അടയാളക്കല്ല് സ്ഥാപിച്ചു.

Also Read: കെ റെയിൽ സർവ്വേക്കെതിരെ ആലുവയിലും ചെങ്ങന്നൂരിലും പ്രതിഷേധം, ആത്മഹത്യ ഭീഷണി

കഴിഞ്ഞ ദിവസം ആലുവ ചൊവ്വരയിലും തോട്ടമുഖത്തും കെ റെയിൽ സംഘത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇവിടങ്ങളിൽ കല്ലിടൽ പൂർത്തിയാക്കിയ സംഘം അടുത്ത ദിവസങ്ങളിൽ ആലുവ മേഖലയിൽ നടപടി തുടരുമെന്ന് അറിയിച്ചു. ചെങ്ങന്നൂർ മുളക്കുഴിയിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ നടത്തിയത്. നിരവധി വീടുകൾ നിർദിഷ്ട സിൽവർ ലൈൻ പാതയിൽ ഇവിടെ ഉൾപ്പെട്ടിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥർ എത്തിയപ്പോൾ തന്നെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.

പാടത്തും വയലിലും സർവേ പൂർത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥർ ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകൾ സർവേ തടയാൻ ആരംഭിക്കുകയും കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. പ്രതിഷേധം കടുപ്പിച്ചതോടെ പത്തനംതിട്ടയിൽ നിന്നും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ചാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. ചെങ്ങന്നൂർ മേഖലയിൽ മാത്രം അഞ്ഞൂറോളം വീടുകളാണ് സിൽവർ ലൈൻ പദ്ധതിക്കായി ഒഴിപ്പിക്കേണ്ടി വരിക. ജനവാസ മേഖലയെ പദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ ഇവിടെ സമരം ശക്തമാണ്. 

ആലുവ ചൊവ്വരയിലും കടുത്ത പ്രതിഷേധമാണ് കെ റെയിൽ സർവ്വേയ്ക്ക് നേരെ നാട്ടുകാരിൽ നിന്നുണ്ടായത്. പാടശേഖരത്തെ കല്ലിടൽ പൂർത്തിയായി റവന്യൂ ഉദ്യോഗസ്ഥർ ജനവാസമേഖലയിലേക്ക് കല്ലിടാൻ എത്തിയതോടെ ആണ് ഇവിടെയും പ്രതിഷേധം അണപൊട്ടിയത്. ഒരു നോട്ടീസ് പോലും നൽകാതെയാണ് ഉദ്യോഗസ്ഥർ കല്ലിടാൻ എത്തിയതെന്ന് ഒഴിപ്പിക്കപ്പെടുന്ന വീട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി പ്രളയബാധ നേരിടുന്ന പ്രദേശമാണിതെന്നും തുടർച്ചയായ പ്രളയങ്ങൾ മൂലം തകർന്ന തങ്ങളോട് വീടൊഴിയാൻ പറഞ്ഞാൽ എന്ത് ചെയ്യുമെന്നുമാണ് നാട്ടുകാരുടെ ചോദ്യം. പെരിയാർ തീരത്തോട് ചേർന്ന് താമസിക്കുന്നവർ നിരവധി വികസന പദ്ധതികൾക്കായി വീട് വിട്ടു നൽകിയവരാണെന്നും ഇനിയും ഈ അനീതി നേരിടാനാവില്ലെന്നുമാണ് നാട്ടുകാരിൽ ചിലർ പ്രതികരിച്ചത്. സംഭവസ്ഥലത്തേക്ക് കെ റെയിൽ വിരുദ്ധ സമരസമിതിയും കോൺ​ഗ്രസ് പ്രവ‍ർത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു